Your Image Description Your Image Description

ദീപശിഖാ പ്രയാണത്തോടെയാണ് ഒളിമ്പിക്സിന് തുടക്കമാകുന്നത്. സീയൂസ് ദേവന്റെ ഭാര്യയും ശക്തിയുടെ പ്രതീകവുമായ ഹീരദേവതയുടെ ക്ഷേത്രാങ്കണത്തില്‍ നിന്നാണ് ഒളിമ്പിക് ദീപശിഖ ജ്വലിപ്പിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ കോണ്‍കേവ് കണ്ണാടിയില്‍ സൂര്യപ്രകാശം തട്ടിച്ച് തീനാളങ്ങളുണ്ടാക്കി അതില്‍നിന്ന് ദീപശിഖയിലേക്ക് തീ പകരുന്നു. ഈ ദീപശിഖ ഒളിമ്പിക്സ് കഴിയുന്നതുവരെ അണയാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ദീപശിഖാ പ്രയാണത്തിന് വലിയ പ്രാധാന്യമുള്ളതിനാൽ താരങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നത് അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്.

1976 ൽ കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഒളിമ്പിക്സിലാണ് ആദ്യമായി ഒളിമ്പിക് ദീപശിഖാ റിലേയില്‍ സാങ്കേതികത്വം ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്. ദീപശിഖ ഏന്തിയ ഓട്ടക്കാര്‍, ദീപശിഖ മോണ്‍ട്രിയലിലെത്തിക്കും മുമ്പ് ഉപഗ്രഹം മുഖാന്തിരമാണ് ഒളിമ്പിക് ദീപം ഗ്രീസിലെ ഏഥന്‍സില്‍ നിന്ന് കാനഡയിലെ ഒട്ടാവയിലേക്ക് എത്തിച്ചത്. ജ്വാല റേഡിയോ സിഗ്നലാക്കി മാറ്റുകയും ഉപഗ്രഹം വഴി കാനഡയില്‍ നിന്ന് സ്വീകരിക്കുകയും പിന്നീടത് ദീപമായി മാറ്റുകയുമായിരുന്നു.

1928 ൽ ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിൽ നടന്ന ഒളിമ്പിക്സിലാണ് കായികമേള പൂര്‍ത്തിയാകുന്നതുവരെ ആദ്യമായി ദീപശിഖ അണയാതെ സൂക്ഷിച്ചത്. 1936 ൽ ജര്‍മ്മനിയിലെ ബര്‍ലിനിലാണ് ആദ്യമായി ഒളിമ്പിക് ദീപം സൂര്യരശ്‍മിയാല്‍ കത്തിച്ചത്. ഒളിമ്പിക് ദീപശിഖാ റിലേ ആയി തുടങ്ങിയതും ഈ ഒളിമ്പിക്സ് മുതലാണ്. ഏഴു രാജ്യങ്ങളും 3000 കിലോമീറ്ററും താണ്ടിയായിരുന്നു അന്നു ദീപശിഖ ബര്‍ലിനിലെത്തിയത്.

ഗ്രീസിലെ പുരാതന നഗരങ്ങളിലൂടെയുള്ള പര്യടനത്തിന് ശേഷമാണ് ദീപശിഖ ഒളിമ്പിക്സ് സംഘാടകര്‍ക്ക് കൈമാറുന്നത്. പിന്നീട് വിവിധ രാജ്യങ്ങളിലെ പര്യടനത്തിന് ശേഷം ദീപശിഖ ഒളിമ്പിക് നഗരത്തിലെത്തും. ദീപശിഖാ റാലിയില്‍ പല രാജ്യത്തെ കായിക താരങ്ങളും പ്രമുഖരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *