Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഏകദേശം ഒരു വർഷം ആവുകയാണ്. മാമിയെന്ന മുഹമ്മദ് ആട്ടൂർ എവിടെയെന്ന് പൊലീസിന് യാതൊരു സൂചനയും ഇല്ല. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരിക്കുകയാണ്. ഹര്‍ജി അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും.

ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ റുക്സാന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മാമി എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ആട്ടൂറിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസിന്‍റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ റുക്സാന ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്‍റേയും പൊലീസിന്‍റേയും വിശദീകരണം തേടി.

മാമിയുടെ തിരോധാനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. മുഹമ്മദിന്‍റെ ജീവന്‍ അപകടത്തിലാണെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അതേ സമയം മുഹമ്മദിനെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കോക്കല്ലൂര്‍ കേന്ദ്രീകരിച്ച് ആക്ഷന്‍ കമ്മറ്റിക്കും രൂപം നല്കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ആട്ടൂരിനെ കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റില്‍ നിന്നും കാണാതായത്. നടക്കാവ് എസ് എച്ച്ഓയ്ക്കായിരുന്നു അന്വേഷണ ചുമതല. മുഹമ്മദിന‍്റെ സുഹൃത്തുക്കളുടേയും ബിസിനസ് പങ്കാളികളുടേയുമൊക്കെ മൊഴി രേഖപ്പെടുത്തി അന്വേഷണം വിപുലീകരിച്ചെങ്കിലും തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *