Your Image Description Your Image Description

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ആരെത്തുമെന്ന ആകാംക്ഷക്കിടെ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഗൗതം ഗംഭീറിനെയും ഡബ്ല്യു വി രാമനെയും ഒരേസമയം പരിശീലകനാക്കാന്‍ ബിസിസിഐ നീക്കമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ ഉപദേശക സമിതിക്ക് മുമ്പാകെ ഗംഭീറും രാമനും അഭിമുഖത്തിനെത്തിയിരുന്നു. ഇരുവരുടയെും അഭിമുഖം പൂര്‍ത്തിയാക്കിയശേഷമാണ് എന്തുകൊണ്ട് രണ്ടുപേരെയും പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിക്കൂടാ എന്ന നിര്‍ദേശം ബിസിസിഐക്ക് മുമ്പാകെ എത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

വ്യത്യസ്ത രീതിയില്‍ രണ്ടുപേരെയും ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. കോച്ച് എന്ന നിലയില്‍ ഏറെ പരിചയസമ്പത്തുള്ള വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഡബ്ല്യു വി രാമൻ. ഗംഭീറിന് പരിശീലകനായുള്ള പരിചയസമ്പത്തില്ലെങ്കിലും ഐപിഎല്ലില്‍ മൂന്ന് സീസണുകളിലായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ മെന്‍ററായിരുന്നു. ഈ സാഹചര്യത്തില്‍ ഗംഭീറിനെ മുഖ്യ പരിശീലകനാക്കുന്നതിനൊപ്പം കോച്ചിംഗിലെ പരിചയ സമ്പത്ത് ഉപയോഗിക്കാനായി രാമനെ ബാറ്റിംഗ് കോച്ച് ആക്കുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ രാമന്‍റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

2018-2021 കാലയളവില്‍ ഇന്ത്യൻ വനിതാ ടീന്‍റെ പരിശീലകനായിരുന്ന ഡബ്ല്യു വി രാമന്‍ 2006 ൽ തമിഴ്നാട് ടീമിന്‍റെ പരിശീലകനായാണ് കോച്ചിംഗ് കരിയര്‍ തുടങ്ങിയത്. യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുള്ള മുന്‍ ഇന്ത്യൻ ഓപ്പണര്‍ പിന്നീട് നിലവിലെ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിക്ക് പകരം ബംഗാള്‍ ടീമിന്‍റെയും പരിശീലകനായി. 2013ലെ ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ സഹ പരിശീലകയിരുന്ന രാമന്‍ 2015 ല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് പരിശീലകനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *