Your Image Description Your Image Description

ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തില്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കയിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് വേദിയാവുന്ന വിന്‍ഡീസിലേതെന്നും അതുകൊണ്ടുതന്നെ ടീമില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ദ്രാവിഡ് തുറന്നു പറഞ്ഞത്.

അമേരിക്കയിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളില്‍ അധിക ബാറ്ററെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ വിന്‍ഡീസിലെത്തുമ്പോള്‍ സാഹചര്യം കുറച്ചു കൂടി വ്യത്യസ്തമാണ്. ബാറ്റിംഗിന് കുറച്ചു കൂടി അനുകൂല സാഹചര്യങ്ങളുള്ള ഇവിടെ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യൻ ടീമില്‍ പ്ലേയിംഗ് ഇലവനില്‍ ഇതുവരെ അവസരം ലഭിക്കാത്ത നാലു പേരുണ്ട്. അവരെ ആരെയെങ്കിലും ഒഴിവാക്കുക എന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. സത്യസന്ധമായി പറഞ്ഞാല്‍ പ്ലേയിംഗ് ഇലവനില്‍ ഇതുവരെ അവസരം ലഭിക്കാത്ത നാലുപേരും കഴിവുറ്റ താരങ്ങളാണ്.

പക്ഷെ അമേരിക്കയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീം കോംബിനേഷന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല. എന്നാല്‍ വിന്‍ഡീസിലേത് വ്യത്യസ്ത സാഹചര്യമാണ്. ഇവിടെ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഇന്ന് അഫ്ഗാനെതിരെ കുല്‍ദീപ് യാദവോ യുസ്‌വേന്ദ്ര ചാഹലോ പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യതയുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.
ഇന്ത്യൻ പരിശീലകനാവാനുള്ള അഭിമുഖം; ഗംഭീറിനോടും രാമനോടും ഉപദേശക സമിതി ചോദിച്ചത് പ്രധാനമായും 3 ചോദ്യങ്ങള്‍

വിന്‍ഡീസിലേത് ബാറ്റിംഗിന് അനുകൂലമായ പിച്ചുകളാണെങ്കിലും മത്സര സാഹചര്യം അനുസരിച്ച് മാത്രമെ ഏത് രീതിയില്‍ ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കാനാവൂ എന്നും ദ്രാവിഡ് പറഞ്ഞു. മറ്റേത് കായിക മത്സരവും പോലെയല്ല ക്രിക്കറ്റ്. പിച്ചും സാഹചര്യങ്ങളുമെല്ലാം ഇവിടെ കളിക്കാരന്‍റെ കഴിവിന് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങളാണ്. മത്സരത്തില്‍ കെന്‍സിങ്ടണ്‍ ഓവലിലെ കാറ്റ് വലിയൊരു ഘടകമായിരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍റെ സ്പിന്നര്‍മാര്‍ മാത്രമല്ല പേസര്‍മാരും മികച്ച ഫോമിലാണെന്ന് ഫസലുള്ള ഫാറൂഖിയുടെ പ്രകടനം ചൂണ്ടിക്കാട്ടി ദ്രാവിഡ് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ അഫ്ഗാന്‍ അപകടകാരികളാണ്. ടി20 ലീഗുകളില്‍ നിരന്തരം കളിക്കുന്ന നിരവധി താരങ്ങളും ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളുമെല്ലാം അവരുടെ ടീമിലുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *