Your Image Description Your Image Description

സെന്റ്ലൂസിയ: ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിൻഡീസിന് വൻ വിജയം. സി ഗ്രൂപ്പിൽനിന്ന് സൂപ്പർ 8 റൗണ്ടിൽ കടന്ന ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ വിൻഡീസ് നേടിയത് 104 റൺ‌സ് വിജയം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ 16.2 ഓവറില്‍ 114 റൺസെടുത്ത് അഫ്ഗാൻ പുറത്തായി. 53 പന്തിൽ 98 റൺസെടുത്ത നിക്കോളാസ് പുരാനാണു കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ബ്രാൻഡൻ കിങ്ങിനെ (ആറു പന്തിൽ ഏഴ്) നഷ്ടമായിരുന്നു. എന്നാൽ ജോൺസൺ ചാൾസിനെ കൂട്ടുപിടിച്ച് പുരാൻ വെടിക്കെട്ടിന് തുടക്കമിട്ടതോടെ വിൻഡീസ് സ്കോർ കുതിച്ചുയർന്നു. എട്ട് സിക്സറുകളും ആറു ഫോറുകളുമാണ് വിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ അടിച്ചു പറത്തിയത്.

ഇതോടെ ട്വന്റി-20 ക്രിക്കറ്റിൽ വിൻഡീസിനായി കൂടുതല്‍ സിക്സറുകൾ നേടിയ റെക്കോർഡിൽ ഇതിഹാസ താരം ക്രിസ് ഗെയ്‍ലിനെ പുരാന്‍ മറികടന്നു. ഗെയ്ൽ 124 സിക്സുകൾ നേടിയപ്പോൾ, പുരാന്റെ സിക്സുകൾ 128 ആയി.

27 പന്തുകൾ നേരിട്ട ജോൺസൺ ചാൾസ് 43 റൺസെടുത്തു പുറത്തായി. ഷായ് ഹോപ് (17 പന്തിൽ 25), ക്യാപ്റ്റൻ റോവ്മൻ പവൽ (15 പന്തിൽ 26) എന്നിവരും തിളങ്ങി. പന്തെറിഞ്ഞ വിൻഡീസ് താരങ്ങൾക്കെല്ലാം വിക്കറ്റു ലഭിച്ചതോടെ മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ പതറി.

Leave a Reply

Your email address will not be published. Required fields are marked *