Your Image Description Your Image Description

കിംഗ്‌സ്ടൗണ്‍: ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മാറ്റമാണ് മാറ്റം. ഐപിഎല്ലില്‍ സ്വന്തം ടീമിന്റെ ആരാധകരില്‍ നിന്നുവരെ കൂവല്‍ കേട്ട ശേഷം നേരെ ലോകകപ്പിനെത്തി മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് താരം. ബോളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം സൂപ്പര്‍ എട്ടിലും ബാറ്റിങ്ങിലും തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്തിന് ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തു എന്നതില്‍ നിന്ന് ഏറെ മൂന്നോട്ട് പോയിരിക്കുന്നു ആരാധകരും വിമര്‍ശകരും.

നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുന്ന താരത്തിന്റെ ഫോം ടീം ഇന്ത്യയ്ക്ക് പ്രതീക്ഷയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളാണ് ഹാര്‍ദിക് പാണ്ഡ്യ നേടിയത്. പാക്കിസ്ഥാനെതിരെ നിര്‍ണായകമായ പതിനേഴാം ഓവറടക്കം ഹാര്‍ദിക് പാണ്ഡ്യ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. ഹാര്‍ദിക്കിന്റെ തകര്‍പ്പന്‍ ഫോമില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് പറയുകയാണ് ഇന്ത്യയുടെ ബോളിങ്ങ് പരിശീലകന്‍ പരസ് മാംബ്രെ. വലിയ ടൂര്‍ണമെന്റുകളില്‍ ഫോം കണ്ടെത്താതിരുന്ന താരത്തിന്റെ ആത്മവിശ്വാസം ലോകകപ്പെത്തിയതോടെ വര്‍ധിച്ചെന്ന് പരസ് മാംബ്രെ പറയുന്നു.

മോശം സമയത്തും പണ്ഡ്യയെ വിശ്വസിച്ച നായകന്‍ രോഹിത് ശര്‍മയെയും ആരാധകര്‍ പുകഴ്ത്തുന്നുണ്ട്. മുംബൈയില്‍ ക്യാപ്റ്റന്‍സി പ്രശ്‌നങ്ങള്‍ക്കിടെയിലും ലോകകപ്പ് ടീമിലേക്ക് പണ്ഡ്യയെ എത്തിച്ചതും വൈസ് ക്യാപ്റ്റനാക്കിയതും രോഹിതിന്റെ മികവെന്ന് ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരുള്ളത് ടീമിന് ഗുണം ചെയ്യുമെന്നാണ് രോഹിതിന്റെ വാദം. പരിശീലന സമയത്ത് ഹര്‍ദിക് നല്‍കുന്ന ആത്മാര്‍ഥതയുടെ ഫലമാണ് കളത്തിലെ മികച്ച പ്രകടനമെന്നും പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നു.

വിന്‍ഡീസിലാണ് ടീമിന്റെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍. യുഎസിലേക്കാള്‍ ബാറ്റിങ്ങിന് അനുകൂലമാകുന്ന സാഹചര്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *