Your Image Description Your Image Description

 

ബാർബഡോസ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യയുടെ സൂപ്പർ എട്ട് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരോടാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഇതിൽ ഓസ്‌ട്രേലിയ ശക്തരാണ്. അഫ്ഗാൻ വീര്യത്തെ മറികടക്കുക ഇന്ത്യക്ക് വെല്ലുവിളിയായിരിക്കും. ടി20 ക്രിക്കറ്റിൽ ബംഗ്ലാദേശിൽ ദുർബലരെന്ന് പറയാനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പിലെ തണുപ്പൻ പ്രകടനം പോരാതെവരും ഇന്ത്യയ്ക്ക് സെമിയിലേക്ക് മുന്നേറാൻ.

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് കളി ഗൗരവത്തിലേക്ക് വരുമ്പോൾ ഇന്ത്യയും മാറുമെന്നാണ് ആരാധക പ്രതീക്ഷ. പാക്കിസ്ഥാനെയും യുഎസിനേയും വീഴ്ത്തിയ തന്ത്രങ്ങൾ മതിയാവില്ല ഇന്ത്യ മുന്നേറാൻ. 20ന് അഫ്ഗാനിസ്ഥാനെതിരെയാണ് സൂപ്പർ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം. ബോളിങ്ങ് കരുത്തിൽ ന്യൂസീലൻഡിനെ വിറപ്പിച്ചെത്തുന്ന ടീം ഇന്ത്യയെ വീഴ്ത്താൻ സാധ്യതകളേറെ. സ്പിന്നിന്റെ കരുത്തിലാണ് അഫ്ഗാന്റെ വരവ്. ബാറ്റിങ്ങിൽ കോലിയടക്കം ഇതുവരെ ഫോം കണ്ടെത്താത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

ബംഗ്ലാദേശ് മാത്രമാണ് ഇന്ത്യയ്ക്ക് അൽപം ആശ്വാസം നൽകുന്ന ടീം. നിലവിലെ ഫോമിൽ ബംഗ്ലദേശിനെ ഇന്ത്യയ്ക്ക് വീഴ്ത്താം. 22നാണ് അയൽക്കാർക്കെതിരായ മത്സരം. ഏകദിന ലോകകപ്പിൽ ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ മൂന്നാമത്തെ എതിരാളികൾ. ഓരോ മത്സരം കഴിയുന്തോറും കരുത്താർജിക്കുന്ന ഓസീസ് ചാംപ്യൻ ടീമിന്റെ സ്വഭാവം കാട്ടിത്തുടങ്ങി. ലോകവേദികളിൽ ഇന്ത്യയ്ക്ക് മുന്നിൽ പ്രശ്‌നമുണ്ടാക്കുന്ന ട്രാവിസ് ഹെഡ് ഇത്തവണയും ഫോമിലാണ്. 24നാണ് ഇന്ത്യ – ഓസീസ് മത്സരം.

ചുരുക്കി പറഞ്ഞാൽ ഓൾറൗണ്ട് പ്രകടനം നടത്തിയാൽ മാത്രമേ രണ്ടാം ടി20 കിരീടമെന്ന സ്വപ്നത്തിലേക്ക് ഇന്ത്യക്ക് എത്താനാവൂ. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വിൻഡീസും യുഎസും അടങ്ങുന്ന ഗ്രൂപ്പിൽ എത്തിയില്ലെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആകെ ആശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *