Your Image Description Your Image Description

ലാഹോര്‍: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായത് പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വലിയ ഭൂകമ്പം സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ നായകന്‍ ബാബര്‍ അസമിനെ ഉള്‍പ്പടെ മാറ്റണം എന്ന ആവശ്യം ആരാധകരും മുന്‍ താരങ്ങളും ഉന്നയിച്ചുകഴിഞ്ഞു. പാക് ടീമിനുള്ളില്‍ ബാബര്‍ അസമും പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും തമ്മില്‍ ചേരിപ്പോര് രൂക്ഷമാണ് എന്ന അഭ്യൂഹങ്ങളും ശക്തം. ഇതിനിടെ ടീമില്‍ മാറ്റങ്ങള്‍ വരണമെന്ന മുറവിളി ടീമിനുള്ളില്‍ നിന്നുതന്നെ വന്നിരിക്കുകയാണ്.

പാക് ടീം മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ മാറ്റങ്ങള്‍ക്ക് വിധേയരാകണം എന്ന് തുറന്നുപറഞ്ഞത് ഓള്‍റൗണ്ടര്‍ ഇമാദ് വസീമാണ്. ‘ഇതിനേക്കാള്‍ കുറഞ്ഞ പോയിന്‍റ് പാകിസ്ഥാന് ഒരു ലോകകപ്പില്‍ കിട്ടാനില്ല എന്നതൊരു യാഥാര്‍ഥ്യമാണ്. ടീമിലെ മാറ്റങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടയാള്‍ ഞാനല്ല. എന്നാല്‍ ടീമില്‍ സമൂലമായ മാറ്റം മുന്നോട്ടുള്ള യാത്രയ്ക്ക് ആവശ്യമാണ് എന്ന് തോന്നുന്നു. എങ്ങനെ ടീമിനെ മുന്നോട്ടുകൊണ്ടുപോകാം എന്ന ആലോചനയിലാണ് ഞാന്‍ വിരമിക്കല്‍ പിന്‍വലിച്ച് ലോകകപ്പ് കളിക്കാനെത്തിയത്. എന്നാല്‍ അതിനൊന്നും കഴിഞ്ഞില്ല’- ഇമാദ് വസീം പറഞ്ഞു.

‘പിച്ചുകള്‍ എല്ലാവരും ചിന്തിക്കുന്നതിനേക്കാള്‍ കഠിനമായിരുന്നു. ആര്‍ക്ക് വേണമെങ്കിലും ഏത് ടീമിനെയും തോല്‍പിക്കാവുന്ന തരത്തിലുള്ളത്. നേപ്പാള്‍ വിജയത്തിന് അടുത്തെത്തിയ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ഇതൊക്കെ സംഭവിക്കും. എന്നാല്‍ മത്സരത്തോടുള്ള സമീപനം മാറ്റിയാല്‍ നമുക്ക് അത് മാറ്റം. തോല്‍വികള്‍ വളരെ പ്രതികൂലമായി ബാധിച്ചതിനാല്‍ സമീപനം മാറ്റാന്‍ എല്ലാ താരങ്ങളും തല്‍പരരാണ്. ഗെയിമിന്‍റെ മെന്‍റല്‍ സൈഡിലാണ് നിര്‍ണായക മാറ്റം വരേണ്ടത്. ഞാനെന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നത്. പാകിസ്ഥാന്‍ വളരെ മികച്ച ടീമാണ്. എന്ത് തരത്തിലുള്ള ക്രിക്കറ്റ് കളിക്കാനും താരങ്ങള്‍ക്ക് കഴിയും. അതിനാല്‍ തോല്‍വിയുടെ ഭയമില്ലാതെ ഇറങ്ങുകയാണ് വേണ്ടത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തോല്‍വിയുടെ ആശങ്കയില്ലാതെ കളിക്കണം. വ്യക്തിഗതമായ മാറ്റങ്ങള്‍ ഫലമുണ്ടാക്കില്ല. മൈന്‍ഡ് സെറ്റിലെ മാറ്റങ്ങളെ ഗുണംചെയ്യൂ’- വസീം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *