Your Image Description Your Image Description

കിംഗ്‌സ്‌ടൗണ്‍: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ലെ ഏറ്റവും വാശിയേറിയ മത്സരങ്ങള്‍ക്കൊന്നിനാണ് ഇന്ന് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ഈ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമുകളിലൊന്നായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് അവസാന പന്തില്‍ ഒരു റണ്‍സിന്‍റെ തോല്‍വി സമ്മതിക്കുകയായിരുന്നു നേപ്പാള്‍. ഇതോടെ ചങ്കുതകര്‍ന്ന് നേപ്പാളിന്‍റെ ആരാധകര്‍ അര്‍ണോസ് വേല്‍ ഗ്രൗണ്ടില്‍ പൊട്ടിക്കരയുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത്.

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചെത്തിയ ദക്ഷിണാഫ്രിക്കയെ നിശ്ചിത 20 ഓവറില്‍ 115/7 എന്ന സ്കോറില്‍ തളച്ച ബൗളിംഗ് പ്രകടനം, പിന്നാലെ തുടക്കം മുതല്‍ ബാറ്റിംഗില്‍ മേധാവിത്വം കാട്ടിയുള്ള ചേസിംഗ്… പ്രോട്ടീസിനെ വെള്ളംകുടിപ്പിച്ച് അട്ടിമറിയുടെ എല്ലാ ലക്ഷണവും എന്നെന്നും ഓര്‍മിക്കപ്പെടുന്ന ലോകകപ്പ് അങ്കത്തില്‍ നേപ്പാള്‍ കാട്ടി. എന്നാല്‍ ഒടുവില്‍ ജയത്തിന് രണ്ട് റണ്‍ അകലെ നേപ്പാള്‍ പൊരുതിവീണു.

നേപ്പാളിന് ഒട്ട്‌നൈല്‍ ബാര്‍ട്‌മാന്‍റെ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ എട്ട് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസില്‍ നില്‍ക്കുന്നത് സോംപാല്‍ കാമിയും ഗുല്‍സാന്‍ ജായും. ആദ്യ രണ്ട് പന്തും മിസ്സാക്കിയ ജാ മൂന്നാം ബോളില്‍ തകര്‍പ്പന്‍ ഫോര്‍ നേടി. തൊട്ടടുത്ത പന്തില്‍ ഡബിള്‍ ഓടിയെടുത്തു. അവസാന രണ്ട് പന്തുകളില്‍ 2 റണ്‍സ് നേപ്പാളിന് ജയിക്കാന്‍ മതിയെന്നായി. അഞ്ചാം ബോള്‍ ഡോട്ട് ആയതോടെ ക്രീസില്‍ നിന്നിരുന്ന ഗുല്‍സാന്‍ ജായ്‌ക്ക് സമ്മര്‍ദമായി. ബാര്‍ട്ട്‌മാന്‍റെ അടുത്ത ഷോര്‍ട് പിച്ച് ബൗണ്‍സറില്‍ ജായ്ക്ക് പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല. ഇതോടെ ബൈ റണ്ണിനായി ഇരുവരും ഓടിയെങ്കിലും വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ ത്രോയില്‍ ജായെ ക്ലാസന്‍ റണ്ണൗട്ടാക്കി. ഇതോടെ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന് കഷ്ടിച്ച് ജയിക്കുകയായിരുന്നു.

ക്രീസിലേക്ക് ഒരുപക്ഷേ ഡൈവ് ചെയ്‌തിരുന്നുവെങ്കില്‍ ഗുല്‍സാന്‍ ജായ്‌ക്ക് മത്സരം സമനിലയോടെ സൂപ്പര്‍ ഓവറിലേക്ക് നീട്ടാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതോടെ നേപ്പാള്‍ ആരാധകര്‍ ഗ്യാലറിയില്‍ വിതുമ്പി. ഈ ദൃശ്യങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ് സങ്കടത്തിലാഴ്‌ത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *