Your Image Description Your Image Description

ന്യൂയോര്‍ക്ക്: പാകിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ സ്വന്തമാക്കി റിഷഭ് പന്ത്. ഇന്ത്യയുടെ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയാണ് റിഷഭ് പന്തിന് മെഡല്‍ സമ്മാനിച്ചത്. മികച്ച ഫീല്‍ഡര്‍ക്കുള്ള അവാര്‍ഡാണ് ഇത്തവണയും ഇന്ത്യയുടെ ലോകകപ്പ് ജയങ്ങളില്‍ മുഖ്യ ആകര്‍ഷണം. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ പേസര്‍ സിറാജിനായിരുന്നു മെഡല്‍ നേട്ടം. പാകിസ്ഥാനെതിരായ ത്രില്ലര്‍ പോരില്‍ ഈ നേട്ടത്തിനായി ഒന്നിലേറെ പേരുണ്ട്.

വാഹാനാപകടത്തില്‍ നിന്ന് ക്രിക്കറ്റ് ഫീല്‍ഡിലേക്ക് തിരിച്ചെത്തിയ റിഷഭ് പന്തിനെ മെഡല്‍ സമ്മാനിക്കാനെത്തിയ രവി ശാസ്ത്രി അഭിനന്ദിച്ചു. കീപ്പിംഗില്‍ മാത്രമല്ല, ബാറ്റിംഗിലും റിഷഭ് പന്ത് തിളങ്ങുകയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പന്ത് സ്ഥിര സാന്നിധ്യമാകുമെന്നാണ് വിലിയിരുത്തല്‍. പാകിസ്ഥാനെതിരെ 31 പന്തില്‍ 42 റണ്‍സാണ് പന്ത് നേടിയത്. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. മൂന്ന് ക്യാച്ചുകളും പന്തിന്റെ പേരിലുണ്ടായിരുന്നു.

ന്യൂയോര്‍ക്ക് നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനെ കഴിഞ്ഞിരുന്നുള്ളു.

മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഇരു ടീമും റണ്ണടിക്കാന്‍ പാടുപെട്ടപ്പോള്‍ അവസാന ഓവറുകളിലെ ബൗളിംഗ് മികവിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. പന്ത്രണ്ട് ഓവറില്‍ 89-3 എന്ന സ്‌കോറില്‍ നിന്നാണ് ഇന്ത്യ 19 ഓവറില്‍ 119ന് ഓള്‍ ഔട്ടായതെങ്കില്‍ 14- ഓവറില്‍ 80-3 എന്ന മികച്ച നിലയില്‍ നിന്നാണ് പാകിസ്ഥാന്‍ 113 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *