Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 120 റൺസ് വിജയലക്ഷ്യം. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 42 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. പവർ പ്ലേയിൽ തന്ന രോഹിത്തും കോലിയും മടങ്ങിയെങ്കിലും റിഷഭ് പന്തും അക്സർ പട്ടേലും പിടിച്ചു നിന്നതോടെ ഭേദപ്പെട്ട സ്കോറിലെത്തുമെന്ന് കരുതിയ ഇന്ത്യ പതിനൊന്നാം ഓവറിൽ 89-3 എന്ന മികച്ച സ്കോറിൽ നിന്നാണ് 19 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായത്. ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റുകൾ 30 റൺസിനാണ് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫും നസീം ഷായും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

സിക്സ് അടിച്ച് തുടക്കം, പിന്നാലെ ഇരട്ടപ്രഹരം

ടോസ് നഷ്ടമായതിന് പിന്നാലെ ആശങ്കയോടെയാണ് ഇന്ത്യ ക്രീസിലിറങ്ങിയത്. അപ്രതീക്ഷിത ബൗൺസുള്ള പിച്ചിന് പുറമെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ബാറ്റിംഗ് ദുഷ്കരമാക്കുമെന്ന ആശങ്ക ഇന്ത്യക്കുണ്ടായിരുന്നു. എന്നാൽ ഷഹീൻ അഫ്രീദിയുടെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഷഹീൻ അഫ്രീദിയെ സിക്സിന് പറത്തിയ രോഹിത് ആത്മവിശ്വാസത്തോടെ തുടങ്ങി.പിന്നാലെ മഴമൂലം മത്സരം കുറച്ചുനേരം നിർത്തിവെച്ചു.

മഴയുടെ ഇടവേളക്ക് ശേഷം മത്സരം ആരംഭിച്ചപ്പോൾ നസീം ഷാക്കെതിരെ തൻറെ ട്രേഡ് മാർക്ക് കവർ ഡ്രൈവിലൂടെ ബൗണ്ടറി നേടിതുടങ്ങിയ കോലി മൂന്നാം പന്തിൽ നസീം ഷായെ വീണ്ടും ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ പുറത്തായി. ഓവറിലെ അവസാന പന്ത് ബൗണ്ടറി നേടിയ രോഹിത് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തിൽ വീണ്ടും സ്ക്വയർ ലെഗ്ഗിന് മുകളിലൂടെ സിക്സിന് ശ്രമിച്ച രോഹിത്തിനെ(12 പന്തിൽ 13) ബൗണ്ടറിയിൽ ഹാരിസ് റൗഫ് കൈയിലൊതുക്കിയതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി. രോഹിത് മടങ്ങിയതോടെ സൂര്യകുമാറിന് പകരം അക്സർ പട്ടേലാണ് നാലാം നമ്പറിലിറങ്ങിയത്. അക്സറും റിഷഭ് പന്തും ചേർന്ന് ഇന്ത്യയെ പവർ പ്ലേയിൽ 50 റൺസിലെത്തിച്ചു.

മൂന്ന് തവണ ജീവൻ കിട്ടിയ റിഷഭ് പന്ത് സാഹസിക ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യക്ക് പ്രതീക്ഷയായി. എന്നാൽ നല്ല തുടക്കം ലഭിച്ച അക്സർ പട്ടേലിനെ(18 പന്തിൽ 20) ബൗൾഡാക്കി നസീം ഷാ കൂട്ടുകെട്ട് പൊളിച്ചു. എന്നാൽ സൂര്യകുമാർ യാദവിനെ ഒരറ്റത്ത് നിർത്തി റിഷഭ് പന്ത് തകർത്തടിച്ചു. ഹാരിസ് റൗഫിനെതിരെ തുടർച്ചയായി മൂന്ന് ബൗണ്ടറി പറത്തിയ പന്ത് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും പന്ത്രണ്ടാം ഓവറിൽ സൂര്യകുമാറിനെ(7) പുറത്താക്കി ഹാരിസ് റൗഫ് കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യയുടെ കൂട്ടത്തകർച്ച തുടങ്ങി.

സൂര്യക്ക് പിന്നാലെ ശിവം ദുബെയെ(9 പന്തിൽ 3) പുറത്താക്കി നസീം ഷായും തൊട്ടടുത്ത ഓവറിൽ തുടർച്ചയായ പന്തുകളിൽ റിഷഭ് പന്തിനെയും(31 പന്തിൽ 42) രവീന്ദ്ര ജഡേജയെയും(0) പുറത്താക്കി മുഹമ്മദ് ആമിറും ഇന്ത്യയുടെ നടുവൊടിച്ചു. ഹാർദ്ദിക് പാണ്ഡ്യയും അർഷ്ദീപും ചേർന്ന് ഇന്ത്യയെ 100 കടത്തിയെങ്കിലും എട്ടാം പന്തിലാണ് ഹാർദ്ദിക് ആദ്യ റണ്ണെടുത്ത്. പിന്നീട് ബൗണ്ടറി അടിച്ച് പ്രതീക്ഷ നൽകിയ ഹാർദ്ദികിനെ(12 പന്തിൽ 7) ഹാരിസ് റൗഫിൻറെ പന്തിൽ ഇഫ്തീഖർ അഹമ്മദ് പിടികൂടി. തൊട്ടടുത്ത പന്തിൽ ബുമ്രയെയും ഹാരിസ് റൗഫ് ഗോൾഡൻ ഡക്കാക്കിയതോടെ ഇന്ത്യ 89-3ൽ നിന്ന് 113-9ലേക്ക് രൂപ്പുകുത്തി.

അർഷ്ദീപ്(13 പന്തിൽ 9) പൊരുതിയെങ്കിലും പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ റണ്ണൗട്ടായതോടെ ഇന്ത്യയുടെ പോരാട്ടം 119 റൺസിൽ അവസാനിച്ചു. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫും നസീം ഷായും 21 റൺസിന് മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോൾ മുഹമ്മദ് ആമിർ 23 റൺസിന് രണ്ട് വിക്കറ്റെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *