Your Image Description Your Image Description

കറാച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടത്തിനായി ആരധകര്‍ കാത്തിരിക്കുമ്പോള്‍ പാക് നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ താരം ഡാനിഷ് കനേരിയ. ബാബറിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിനെയാണ് കനേരിയ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ബാബര്‍ അസം സെഞ്ചുറി നേടിയാല്‍ തൊട്ടടുത്ത ദിവസം വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് കാണാം. വിരാട് കോലിയുടെ ചെരിപ്പിടാന്‍ പോലും യോഗ്യതയില്ല ബാബറിന്, എന്നിട്ടാണ് ഈ താരതമ്യം എന്നതാണ് രസകരം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കന്‍ ബൗളര്‍മാര്‍ ബാബറിനെ ക്രീസില്‍ പിടിച്ച് കെട്ടിയിടുകയായിരുന്നു. എന്നിട്ട് 40 റണ്‍സടിച്ചശേഷം പുറത്താവുകയും ചെയ്തു. ബാബര്‍ ഇന്നിംഗ്സിനൊടുവില്‍ വരെ ക്രീസില്‍ നിന്ന് പാകിസ്ഥാന് മികച്ച സ്കോര്‍ ഉറപ്പാക്കുകയും മത്സരം ജയിപ്പിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ദയനീയമായി തോല്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, ഈ പാക് ടീമിന് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള മികവില്ല. ഓരോ തവണയും ലോകപ്പിനെത്തുമ്പോള്‍ പാകിസ്ഥാന്‍റെ ബൗളിംഗ് കരുത്തിനെ എല്ലാവരും പുകഴ്ത്താറുണ്ട്. എന്നാല്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും കണ്ടതാണെന്നും കനേരിയ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ 27000 റണ്‍സും 80 സെഞ്ചുറികളും നേടിയിട്ടുള്ള താരമാണ് വിരാട് കോലി. രാജ്യാന്തര കരിയറില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ബാബറാകട്ടെ 14000 ത്തോളം റണ്‍സാണ് ഇതുവരെ നേടിയത്. 31 സെഞ്ചുറികളും ബാബറിന്‍റെ പേരിലുണ്ട്. ടി20 ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും പിന്തള്ളി ബാബര്‍ ഏറ്റവും അധികം റണ്ണടിക്കുന്ന ബാറ്ററായത് കഴിഞ്ഞ ദിവസമായിരുന്നു. 120 മത്സരങ്ങളില്‍ 4067 റണ്‍സുമായാണ് ബാബര്‍ ടി20 റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 118 മത്സരങ്ങളില്‍ 4038 റണ്‍സുമായി വിരാട് കോലി രണ്ടാമതും 152 മത്സരങ്ങളില്‍ 4026 റണ്‍സുമായി രോഹിത് ശര്‍മ മൂന്നാമതുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *