Your Image Description Your Image Description

 

 

തൃശൂർ: കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വൻതോതിൽ കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിലെ നേതാവും കൂട്ടാളിയും അറസ്റ്റിൽ. ഗുരുവായൂർ ചൊവ്വല്ലൂർപ്പടി അമ്പലത്തുവീട്ടിൽ റിയാസ് (35), ബംഗളൂരു സ്വദേശി വിക്കി എന്നറിയപ്പെടുന്ന വിക്രം (26) എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കമരുന്ന് സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 21ന് പുഴയ്ക്കൽ പാടത്തു നിന്ന് കാറിൽ നിന്നും 330 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിനിടെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. പുഴയ്ക്കൽ എം.ഡി.എം.എ കേസിൽ നേരത്തെ കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിതേഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളവും ഗോവയുമടക്കം ഇന്ത്യ ഒട്ടാകെ എം.ഡി.എം.എയും കഞ്ചാവും മറ്റും വിറ്റഴിക്കുന്ന വൻ സംഘമായ വിക്കീസ് ഗ്യാങ്ങിനെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ പ്രധാന സംഘാംഗമായ റിയാസിനെ ചെന്നൈയിൽ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈയിൽ നിന്ന് അറസ്റ്റിലായ റിയാസിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് വിക്രമിനെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. വിക്രം എന്ന വിക്കിയെ അറസ്റ്റ് ചെയ്യാൻ ചരിത്രത്തിലെ തന്നെ വലിയ ഒരു ഓപ്പറേഷൻ വേണ്ടി വന്നെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലും ചെന്നൈയിലും ഗോവയിലും കേരളത്തിലും നിരവധി ബന്ധങ്ങളുള്ള ഇയാളെ പിടികൂടുക എന്നത് ദുഷ്‌കരമായിരുന്നു. വിവിധ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന ഇയാൾ ഒരിടത്തും സ്ഥിരമായി താമസിക്കില്ല. കേരള പൊലീസ് അന്വേഷണത്തിനായി ബംഗളൂരുവിൽ എത്തിയപ്പോൾ തന്നെ വിക്കി വിവരങ്ങൾ അറിയുകയും കാർ മാർഗം ഗോവയിലേക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. കേരള പൊലീസ് പിന്തുടർന്ന് ഇയാളുടെ ഗോവയിലെ താമസം കണ്ടെത്തി. ഗോവ പൊലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിച്ചപ്പോൾ ചെക്കുപോസ്റ്റുകൾ ഇടിച്ചു തെറിപ്പിച്ച് ഇയാൾ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. ഗോവയിൽനിന്നും രക്ഷപ്പെട്ട വിക്രം അവിടെനിന്നും മഹാരാഷ്ട്രയിലേക്കും അവിടെനിന്നും കർണാടകയിലേക്കും കടന്നുകളഞ്ഞു. രഹസ്യവിവരങ്ങൾ അനുസരിച്ച് കേരള പൊലീസ് മഹാരാഷ്ട്രയിലേക്കും പിന്നീട് കർണാടകയിലേക്കും ഇയാളെ പിന്തുടർന്നു. ഒടുവിൽ ബംഗളൂരു- മൈസൂർ ഹൈവേയിൽവച്ച് സാഹസികമായി കാർ തടഞ്ഞ് പിടികൂടുകയായിരുന്നു.

സിനിമ ലൊക്കേഷനുകളിലേക്കും ലഹരി മരുന്ന് വിതരണം

ബംഗളൂരു കേന്ദ്രീകരിച്ച് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ഗോവയിലേക്കും എം.ഡി.എം.എ കടത്തുന്ന പ്രധാന സംഘമാണ് വിക്കീസ് ഗ്യാങ്ങ് എന്നും പൊലീസ് പറഞ്ഞു. വിക്രം ആണ് സംഘത്തിന്റെ നേതാവും ലഹരിക്കടത്തിന്റെ ആസൂത്രകനും. വിക്കീസ് ഗ്യാങ്ങിന്റെ കേരളത്തിന്റെ നേതാവാണ് അറസ്റ്റിലായ റിയാസ്. ബംഗളൂരുവിൽ കുടുംബവുമൊത്ത് സ്ഥിരതാമസമാക്കിയ റിയാസ് വിക്കീസ് ഗ്യാങ്ങിലെ മറ്റ് അംഗങ്ങളെ ഉപയോഗിച്ച് വിവിധ മാർഗങ്ങളിലൂടെ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുകയാണ് പതിവ്. ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഡി.ജെ പാർട്ടികളിലും കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സിനിമ ലൊക്കേഷനുകളിലേക്കും ചില സിനിമ പ്രവർത്തകർക്കും ഹാപ്പിനസ്, ഓൺ വൈബ് എന്നീ പേരുകളിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നത് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പൊലീസ് അറിയിച്ചു.

വിക്കീസ് ഗ്യാങ്ങ് രൂപീകരിച്ചത് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം

2022ൽ ബംഗളൂരുവിൽ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട് വിക്രം. കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം ജയിലിൽനിന്നും പരിചയപ്പെട്ട ലഹരി കേസുകളിൽ ഉൾപ്പെട്ടവരുമായി ചേർന്ന് വിക്കീസ് ഗ്യാങ്ങ് എന്ന പേരിൽ ലഹരി സംഘം ആരംഭിക്കുകയായിരുന്നു. പിന്നീട് സംഘം വലുതാകുകയും അന്യസംസ്ഥാനങ്ങളിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ആരംഭിക്കുകയുമായിരുന്നു. അമ്പതോളം പേർ പ്രവർത്തിക്കുന്ന ഈ സംഘത്തിലെ ഏകദേശം അഞ്ചോളം പേർക്ക് മാത്രമേ വിക്കിയെ നേരിട്ട് അറിയുകയുള്ളു. ഇയാളുടെയും ഇയാളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടേയും ബാങ്ക് വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ഈ വർഷം തന്നെ ഏകദേശം ഒരു കോടിയോളം രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയതായാണ് പ്രാഥമിക വിവരം. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇവർക്ക് ലഹരി എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചും ഇവരിൽ നിന്നു ലഹരിവസ്തുക്കൾ വാങ്ങി വിൽപ്പന നടത്തുന്നവരെക്കുറിച്ചും ഇവരുടെയും ഇയാളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങളും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നിർദേശാനുസരണം പേരാമംഗലം എ.എസ്.പി. ഹരീഷ് ജെയിൻ, സിറ്റി എ.സി.പി. കെ. സുദർശൻ, തൃശൂർ വെസ്റ്റ് ഐ.എസ്.എച്ച്.ഒ. ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് പൊലീസ് അംഗങ്ങളായ എസ്.ഐമാരായ ഫയാസ്, പി. രാകേഷ്, എ.എസ്.ഐ. ടി.വി. ജീവൻ, സിവിൽ പൊലീസ് ഓഫീസർ വിപിൻദാസ് കെ.ബി, എ.എസ്.ഐ. അപർണ ലവകുമാർ, എസ്.ഐ. രാജീവ് രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ മിഥുൻ, ഷെല്ലർ, വിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *