Your Image Description Your Image Description

 

 

കോഴിക്കോട്: വീട്ടിൽ കയറി യുവാവിനെയും പിതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. പെരുമണ്ണ മുണ്ടുപാലം വളയംപറമ്പിൽ ഷനൂപ് (42), പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശി വെൺമയത്ത് രാഹുൽ (35), പന്തീരാങ്കാവ് പന്നിയൂർക്കുളം തെക്കേ താനിക്കാട്ട് റിഷാദ് (33) എന്നിവരാണ് പിടിയിലായത്. ഡി.സി.പി അനൂജ് പുലിവാളിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരാങ്കാവ് ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. ‘വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വളയംപറമ്പിൽ ഷാഫിർ (26), പിതാവ് അബൂബക്കർ കോയ (55) എന്നിവരെയാണ് സംഘം ആക്രമിച്ചത്. പുലർച്ചെയോടെ ഷാഫിറിന്റെ വീട്ടിലെത്തിയ സംഘം കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്ന ഷാഫിറിനോട് ബുള്ളറ്റിൽ പോകുന്ന ആളല്ലേ എന്ന് ചോദിച്ചു. ‘അതെ’, എന്ന മറുപടിക്ക് പിന്നാലെ സംഘം ഷാഫറിനെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെട്ടി. ശബ്ദം കേട്ടെത്തിയ അബൂബക്കറിനെയും ആക്രമിച്ചു. ഇരുവരുടെയും കൈകൾക്കും ദേഹത്തും പരുക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.’ റിഷാദിനെ പന്തീരാങ്കാവിൽ നിന്നും മറ്റ് രണ്ട് പേരെ മാങ്കാവിലെ സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, സി.പി.ഒമാരായ രാകേഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *