Your Image Description Your Image Description

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ മണ്ണില്‍ നിന്നും വെള്ളം വേര്‍തിരിച്ചെടുക്കുന്നതിലും അതുപയോഗിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഓക്‌സിജനും ഇന്ധനവുമായി ബന്ധപ്പെട്ട രാസവസ്തുക്കളാക്കി മാറ്റുന്നതിലും വിജയിച്ച് ഗവേഷകര്‍. ചന്ദ്രനില്‍ മനുഷ്യന് അതിജീവനം അനായാസമാക്കുന്ന ഒരു നൂതന സാങ്കേതികവിദ്യ എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിച്ചത്. ജലം, ഓക്‌സിജന്‍, ഇന്ധനം തുടങ്ങിയ അവശ്യ വിഭവങ്ങള്‍ക്കായി ഭൂമിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ നിര്‍ണായക കണ്ടുപിടുത്തമെന്നാണ് വിലയിരുത്തൽ. വിദൂര പ്രപഞ്ച പര്യവേക്ഷണങ്ങള്‍ക്കായി ചന്ദ്രനെ ഒരു ഇടത്താവളമായി ഉപയോഗിക്കാമെന്ന ആശയം ബഹിരാകാശ ഏജന്‍സികള്‍ മുന്‍കാലങ്ങളില്‍ മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍ ആവശ്യമായ ഇന്ധനം, വെള്ളം, മറ്റ് വിഭവങ്ങള്‍ എന്നിവ ചന്ദ്രനില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും വിലയിരുത്തപ്പെട്ടിരുന്നു. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നത് ചെലവേറിയതായിരിക്കും എന്നതാണ് ഇത്തരത്തില്‍ ഇടത്താവളമായി ഉപയോഗിക്കുന്നതിന് പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. കാരണം ചരക്കിന്റെ പിണ്ഡം കൂടുന്തോറും ബഹിരാകാശത്തേക്ക് സാധനങ്ങളെത്തിക്കാന്‍ റോക്കറ്റിന് കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരും. ഒരു ഗാലന്‍ വെള്ളം ചന്ദ്രനിലെത്തിക്കാന്‍ 83,000 ഡോളര്‍ ചിലവാകുമെന്നും എന്നാല്‍ ഓരോ ബഹിരാകാശയാത്രികനും പ്രതിദിനം 4 ഗാലന്‍ വെള്ളം കുടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കണക്കാക്കിയിരുന്നു.

ചാന്ദ്രമണ്ണില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കാനുള്ള മുന്‍കാല ശ്രമങ്ങള്‍ക്ക് വലിയ അളവില്‍ ഊര്‍ജ്ജം ആവശ്യമായിരുന്നു, കൂടാതെ ഇന്ധനത്തിനും മറ്റ് അവശ്യ ഉപയോഗങ്ങള്‍ക്കുമായി CO2 വിഘടിപ്പിച്ചിരുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ഈ പുതിയ സംവിധാനം ആ പ്രശ്‌നങ്ങളെ മറികടക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചാന്ദ്ര മണ്ണിനുള്ള മാന്ത്രിക കഴിവിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് ഹോങ്കോങ്ങിലെ ചൈനീസ് സര്‍വകലാശാലയിലെ ലു വാങ് പറയുന്നു. ചാന്ദ്രമണ്ണില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കുകയും, ബഹിരാകാശയാത്രികര്‍ പുറത്തുവിടുന്ന CO2-നെ കാര്‍ബണ്‍ മോണോക്‌സൈഡും (CO) ഹൈഡ്രജന്‍ വാതകവുമാക്കി മാറ്റാന്‍ ആ വെള്ളം നേരിട്ട് ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സാങ്കേതികവിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചത്.

ഇവ പിന്നീട് ഇന്ധനങ്ങളും ബഹിരാകാശയാത്രികര്‍ക്ക് ശ്വസിക്കാനുള്ള ഓക്‌സിജനും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. സൂര്യപ്രകാശത്തെ താപമാക്കി മാറ്റുന്ന ഒരു നൂതന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഈ സാങ്കേതികവിദ്യ ലബോറട്ടറിയില്‍ വിജയകരമായിരുന്നു എന്ന് ഗവേഷകര്‍ പറഞ്ഞു. എന്നിരുന്നാലും, കഠിനമായ താപനില വ്യതിയാനങ്ങള്‍, തീവ്രമായ റേഡിയേഷന്‍, കുറഞ്ഞ ഗുരുത്വാകര്‍ഷണം എന്നിവയുള്‍പ്പെടെ ചന്ദ്രനിലെ കഠിനമായ പരിസ്ഥിതി, ചാന്ദ്രോപരിതലത്തിലെ ഇതിന്റെ ഉപയോഗത്തെ സങ്കീര്‍ണ്ണമാക്കുന്ന വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Related Posts