Your Image Description Your Image Description

ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. കേരള സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചർച്ചചെയ്തതെന്നാണ് സൂചന. ചർച്ച സൗഹാർദപരമായിരുന്നുവെന്ന് രാജ്ഭവൻ പ്രതികരിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രാജ്ഭവൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

ഭാരതാംബവിവാദത്തിൽ തുടങ്ങി കേരള സർവകലാശാലയിലെ ഏറ്റുമുട്ടൽവരെയുള്ള പ്രശ്‌നങ്ങൾ നിലനിൽക്കെയാണ് മുഖ്യമന്ത്രിയും ഗവർണറും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ ഇരുവരും തൊട്ടടുത്ത മുറികളിൽ താമസിച്ചെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. അതേസമയം, ഗവർണറുമായി മുഖ്യമന്ത്രി അനൗപചാരിക ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു. സമീപകാലവിവാദങ്ങളിൽ സർക്കാർ നിലപാട് വിശദീകരിച്ച് കത്ത് നൽകിയെന്നും വിവരമുണ്ട്.

അതിനിടെ, കേരള സർവകലാശാലയിലെ തർക്കം തീർക്കാൻ സർക്കാർ ശ്രമം തുടങ്ങിയെങ്കിലും രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയ സമാന്തര സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തിൽ ഔദ്യോഗിക ഉത്തരവിറക്കിയ ജോ. രജിസ്ട്രാർ പി. ഹരികുമാറിനോട് വിസി വിശദീകരണം തേടുകയുംചെയ്തിരുന്നു.

Related Posts