Your Image Description Your Image Description

ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ 2017 ൽ സംവിധായകനായി അരങ്ങേറിയ മഹേഷ് നാരായണൻ, തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിൻറെ പണിപ്പുരയിലാണ് ഇപ്പോൾ. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ് ആണ് ആ ചിത്രം. ഇപ്പോഴിതാ അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരവും പുറത്തെത്തിയിരിക്കുകയാണ്. വലിയ കാൻവാസിൽ ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുങ്ങാനിരിക്കുന്ന ചിത്രവും സിനിമാപ്രേമികൾക്ക് വലിയ കൗതുകം പകരുന്ന ഒന്നാണ്.

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുല വൺ ഡ്രൈവർ നരെയ്ൻ കാർത്തികേയൻറെ ജീവിതം പറയുന്ന സിനിമയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. എൻകെ 370 എന്ന് താൽക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രം തമിഴ് ഭാഷയിലാവും തയ്യാറാവുക. എന്നാൽ ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാവും ചിത്രം. ബ്ലൂ മാർബിൾ ഫിലിംസിൻറെ ബാനറിൽ ഫറസ് അഹ്‍സാൻ, വിവേക് രംഗചാരി, പ്രതീക മൈത്ര എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സൂരറൈ പോട്ര് എന്ന സിനിമയുടെ സഹരചയിതാവും അകം എന്ന മലയാള ചിത്രത്തിൻറെ സംവിധായികയുമായ ശാലിനി ഉഷ ദേവിയാണ് ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത്.

“നരെയ്ൻ കാർത്തികേയൻറെ യാത്ര കേവലം റേസിംഗിനെക്കുറിച്ചുള്ള ഒന്ന് മാത്രമല്ല. അത് വിശ്വാസം സംബന്ധിച്ചുള്ള ഒന്നാണ്. നിങ്ങളിലും നിങ്ങളുടെ രാജ്യത്തിലും മറ്റാർക്കും താണ്ടാനാവാത്ത ഒരു സ്വപ്നത്തിലുമുള്ള വിശ്വാസം. അതാണ് ഈ കഥയിലേക്ക് എന്നെ എത്തിച്ചത്”, മഹേഷ് നാരായണൻ വെറൈറ്റിയോട് പറഞ്ഞു. കോയമ്പത്തൂർ പോലെ ഒരു പട്ടണത്തിൽ നിന്ന് ആരംഭിച്ച് നിറത്തിൻറെയും വർഗപരമായതുമായ വേർതിരിവുകൾ മറികടന്ന് അന്തർദേശീയ റേസിംഗ് സർക്യൂട്ടീൽ വെന്നിക്കൊടി പാറിച്ച നരെയ്ൻ കാർത്തികേയൻറെ ജീവിതത്തിൻറെ വിവിധ തലങ്ങൾ അനാവരണം ചെയ്യുന്നതായിരിക്കും ചിത്രം.

Related Posts