Your Image Description Your Image Description

റിയാദ്: സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ഹജ്ജ് തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വെയിലോ ചൂടോ ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഹജ്ജ് കർമങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് ഇത് തടസ്സമാകുമെന്നും ആരോഗ്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീർഥാടകർ ചൂടിന്റെ സമ്മർദത്തിൽ നിന്ന് സ്വയം പരിരക്ഷിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

 

അതേസമയം പുണ്യസ്ഥലങ്ങൾക്കിടയിൽ സഞ്ചരിക്കുമ്പോൾ തീർഥാടകർ കുട ഉപയോഗിക്കണം, പതിവായി വെള്ളം കുടിക്കണം, ചൂട് ആഗിരണം കുറയ്ക്കുന്നതിന് ഇളം നിറത്തിലുള്ളതും ഭാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കണം എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട്. തലവേദന, തലകറക്കം, അമിതമായ വിയർപ്പ്, അമിത ദാഹം, ഓക്കാനം എന്നിവയാണ് ഉഷ്ണസമ്മർദത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ തണലുള്ള സ്ഥലത്തേക്ക് മാറുക, വെള്ളം കുടിച്ച് ശരീരം തണുപ്പിക്കുക, ആരോഗ്യപരമായ സങ്കീർണതകൾ കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുക എന്നിവ ചെയ്യണം.

 

രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സമയത്ത് കുട ഉപയോഗിക്കണം, ചൂടായ പ്രതലങ്ങളിൽ നടക്കുന്നത് ഒഴിവാക്കണം, അറഫ ദിനത്തിൽ മലകയറുകയോ ഉയർന്ന സ്ഥലങ്ങൾ കയറുകയോ ചെയ്യരുത് തുടങ്ങിയ നിർദേശങ്ങളും മന്ത്രാലയം നൽകി. ചൂട് മൂലം കടുത്ത ശാരീരിക ക്ഷീണവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *