Your Image Description Your Image Description

മാഹിയില്‍ നിന്നുള്ള വിദേശ നിര്‍മ്മിത മദ്യം വില്‍പ്പന നടത്തി വന്നയാളെ വയനാട്ടില്‍ എക്‌സൈസ് പിടികൂടി. പുല്‍പ്പള്ളി പാടിച്ചിറ വില്ലേജില്‍ അമരക്കുനി നിരവത്ത് വീട്ടില്‍ എന്‍പി സുരേഷ് (54) എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ചീയമ്പം 73 കവലയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന നാല് ലിറ്റര്‍ പുതുച്ചേരി നിര്‍മ്മിത മദ്യവുമായി സുരേഷ് അറസ്റ്റിലായത്.

അര ലിറ്റര്‍ വീതമുള്ള എട്ട് കുപ്പികളിലായിരുന്നു മദ്യം. ചീയമ്പം 73 കവലയില്‍ പലചരക്ക് കട നടത്തി വരികയാണ് സുരേഷ്. കച്ചവടത്തിന്‍റെ മറവില്‍ മാഹിയില്‍ നിന്ന് കുറഞ്ഞ വിലക്ക് വിദേശ മദ്യം കൊണ്ടുവന്ന് 73 കവലയിലും മറ്റും വില്‍പ്പന നടത്തുന്നതായി എക്‌സൈസ് ഇന്‍റലിജന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയെ മാനന്തവാടി സബ് ജയിലില്‍ റിമാൻഡ് ചെയ്തു.

സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ ജെ സന്തോഷ്, പ്രിവന്‍റീവ് ഓഫീസര്‍ കെ വി പ്രകാശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, വി ബി നിഷാദ്, ഡ്രൈവര്‍ വീരാന്‍ കോയ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മാനന്തവാടിയിലും മാഹിയില്‍ നിന്നെത്തിച്ച വിദേശമദ്യവുമായി രണ്ട് പേര്‍ പിടിയിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *