Home » Blog » Top News » പോളിംഗ് സ്റ്റേഷനിലും പരിസരത്തും പൂര്‍ണമായി ഹരിതചട്ടം പാലിക്കണം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍
images - 2025-11-28T202923.047

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനിലും പരിസരത്തും പൂര്‍ണമായി ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറും പാഴ് വസ്തുക്കളും വേര്‍തിരിച്ച് ശേഖരിക്കാനും ഹരിത ചട്ടമനുസരിച്ച് നശിപ്പിക്കാനും അതാത് തദേശസ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ആവശ്യമായിടത്ത് ഹരിതകര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്തണം.

പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, ഫര്‍ണിച്ചര്‍, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. വോട്ടര്‍മാര്‍ക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചും കസേരയും തണലിനുള്ള സൗകര്യവും തയ്യാറാക്കണം.

പോളിംഗ് സ്റ്റേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യമൊരുക്കണം. കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കില്‍ താല്‍ക്കാലികമായി ഒരുക്കണം. ഇവര്‍ക്കായി വിശ്രമസൗകര്യം പോളിംഗ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം. കാഴ്ചപരിമിതര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടര്‍മാര്‍ക്ക് ഒരു സഹായിയെ അനുവദിക്കണം.

പോളിംഗ് ദിവസവും തലേദിവസവും ആവശ്യമായ ലൈറ്റും ഫാനും പ്രവര്‍ത്തനക്ഷമമാക്കണം. വൈദ്യുതി, വെള്ളം എന്നിവ കെട്ടിടത്തില്‍ ലഭ്യമല്ലെങ്കില്‍ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി പ്രാദേശിക ഓഫീസുമായി ബന്ധപ്പെട്ട് അവ ഉറപ്പാക്കണം. സാധിക്കാത്തപക്ഷം പോര്‍ട്ടബിള്‍ സംവിധാനം ഏര്‍പ്പെടുത്തണം. വെളിച്ചമില്ലാത്ത സാഹചര്യം ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ടോയ്ലറ്റ് സൗകര്യം ഇല്ലാത്തയിടത്ത്് ആവശ്യമായ ക്രമീകരണം ഒരുക്കണം. ഇതിന് സമീപ സ്ഥാപനങ്ങളിലോ വീടുകളിലോ സൗകര്യം ഉപയോഗപ്പെടുത്തണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീയുടെ സഹകരണത്തോടെ നടത്താനുള്ള സാധ്യത പരിശോധിക്കണം.

ഉള്‍പ്രദേശത്തെ പോളിംഗ് സ്റ്റേഷനിലെത്തുന്ന വഴി വൃത്തിയാക്കി പോളിംഗ് സ്റ്റേഷന്‍ പരിസരം ശുചിയായി സൂക്ഷിക്കാനുള്ള നടപടി വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് പൂര്‍ത്തിയാക്കണം. പോളിംഗ് ടീം എത്തുമ്പോള്‍ സ്റ്റേഷന്‍ വൃത്തിയായിരിക്കുകയും പ്രാഥമിക പ്രവര്‍ത്തനം തുടങ്ങാനുള്ള ക്രമീകരണം ഉറപ്പാക്കണം. അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷന്‍ സജ്ജീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വോട്ടെടുപ്പിന് ശേഷം ഉപയോഗിച്ച മുറിയും പരിസരവും വൃത്തിയാക്കി ബന്ധപ്പെട്ട സ്ഥാപനത്തിന് കൈമാറണമെന്നും ഇത് ജില്ലാ കലക്ടര്‍ ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.