Your Image Description Your Image Description

റിയാദ്: ജീവിതത്തിലെ സകല തിന്മകളെയും അകറ്റി നിർത്താൻ തീർഥാടകർ പൈശാചികതകൾക്കെതിരായ പ്രതീകാത്മക കല്ലെറിയൽ കർമം നിർവഹിച്ചതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകൾക്ക് വിരാമമായി. ജംറതുൽ അഖബ (വലിയ ജംറ) സ്തൂപത്തിനുനേരെ ഏഴ് ചെറു കല്ലുകൾ എറിയുന്നതാണ് ചടങ്ങ്.

ജീവിതത്തിലെ സകലതും ദൈവത്തിനു സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് തലമുടി മുണ്ഡനം ചെയ്താണ് ഹജ്ജിന്‍റെ വസ്ത്രത്തിൽ നിന്ന് ഹാജിമാർ ഒഴിവാകുന്നത്. വ്യാഴാഴ്ച അറഫ സമ്മേളനം കഴിഞ്ഞ് മടങ്ങിയ ഹാജിമാർ മുസ്ദലിഫയിലാണ് രാത്രിയിൽ തങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ജംറയിൽ എത്തി കല്ലേറ് കർമം ആരംഭിച്ചു. ദൈവത്തിന് വേണ്ടിയുള്ള ത്യാഗത്തിന്‍റെ സ്മരണകളിലൂടെയാണ് ഹജ്ജിന്‍റെ എല്ലാ കർമങ്ങളും. കല്ലേറിലൂടെ ജീവിതത്തിലെ തിന്മകളെ ഇല്ലാതാക്കി പുതിയ മനുഷ്യനായി മാറണം. ഇതാണ് ഓരോ ഹാജിയുടെയും നേട്ടം. ഹജ്ജ് അവസാനിച്ചു മടങ്ങുമ്പോൾ ഉമ്മ അപ്പോൾ പ്രസവിച്ച കുഞ്ഞിെൻറ പരിശുദ്ധിയുള്ള മനുഷ്യനാവും എന്നാണ് ഇസ്ലാമിക അധ്യാപനം. ഹജ്ജിെൻറ പ്രധാന ലക്ഷ്യവും ഇത് തന്നെ.

ബലിപ്പെരുന്നാൾ ദിവസം ഹജ്ജിലെ ഇടത്താവളമായ മുസ്ദലിഫയിൽ അറഫയിൽനിന്ന് എത്തിയ ഹാജിമാർ രാത്രി വിശ്രമിച്ചു. മുസ്ദലിഫയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ജംറയിൽ ബസ്, മെട്രോ ട്രെയിൻ മാർഗങ്ങളിലാണ് തീർഥാടകർ എത്തുന്നത്. മക്കക്കും മിനക്കും ഇടയിലാണ് ജംറ സ്തൂപങ്ങളുള്ളത്. ഇവിടെ കല്ലെറിഞ്ഞ്, ബലിയറുത്ത്, തലമുടി മുണ്ഡനം ചെയ്യുന്നതോടെ ഹാജിമാർക്ക് ഇഹ്റാം വസ്ത്രങ്ങളിൽനിന്നും ഒഴിവാകാം. അഞ്ചു കിലോമീറ്റർ അകലെയുള്ള മസ്ജിദുൽ ഹറാമിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ മർവ കുന്നുകൾക്കിടയിലെ പ്രയാണവും കഴിയുന്നതോടെ ഹജ്ജിലെ പ്രധാന കർമങ്ങൾ അവസാനിച്ചു.

മിനായിലേക്ക് മടങ്ങിയ ഹാജിമാർ മൂന്നു ദിവസം മിനായിലെ തമ്പുകളിൽ കഴിഞ്ഞു കൂടും. ദുൽഹജ്ജ് 11, 12, 13 (ശനി, ഞായർ, തിങ്കൾ) ദിനങ്ങളിൽ മൂന്ന് പ്രതീകാത്മക പൈശാചിക സ്തൂപങ്ങളിൽ കല്ലെറിയുന്നതോടെ ഹജ്ജിന് സമാപനമാവും.

Leave a Reply

Your email address will not be published. Required fields are marked *