Your Image Description Your Image Description

ന്യൂഡൽഹി: രാജ്യം പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം സംഘടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ 30 വരെ നീണ്ടുനിൽക്കുന്ന മത്സരത്തിനാണ് മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ മൂന്ന് വിജയികൾക്ക് 10,000 രൂപ വീതം സമ്മാനമായി ലഭിക്കും. കൂടാതെ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക അവസരവും ലഭിക്കും.

‘ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനർനിർവചിക്കുന്നു’ എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം. ‘യുവ മനസ്സുകളുടെ ശബ്ദം കേൾക്കാൻ പ്രതിരോധ മന്ത്രാലയം’ എന്ന കുറിപ്പോടെയാണ് മത്സരവിവരങ്ങൾ മന്ത്രാലയം എക്സിൽ പങ്കുവച്ചത്. ഹിന്ദിയിലോ ഇം​ഗ്ലീഷിലോ രചനകൾ അയക്കാം. ഓരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ.

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് 7 ന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഇതിന് പിന്നാലെ പാകിസ്താൻ പ്രകോപന നിലപാടിലേക്ക് നീങ്ങിയപ്പോൾ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. തുടർന്ന് പാകിസ്താൻ ഭരണകൂടം ഇന്ത്യയുമായി ബന്ധപ്പെട്ട് വെടിനിർത്തൽ ധാരണയിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *