Your Image Description Your Image Description

റങ്ങുന്നതിന് മുൻപ് പാട്ട് കേൾക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ടായിരിക്കും. എന്നാൽ ഇങ്ങനെ പാട്ട് കേള്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയാൽ പാട്ട് ആര് നിര്‍ത്തും. സ്ലീപ്പ് ടൈമറുകളെയടക്കം ആശ്രയിക്കാതെ വേറെ വഴിയൊന്നുമില്ല. എന്നാല്‍, ഉപയോക്താവ് ഉറങ്ങിപ്പോയി എന്ന് തിരിച്ചറിയുമ്പോള്‍ പ്ലേബാക്ക് താല്‍ക്കാലികമായി നിര്‍ത്തുന്ന ഓട്ടോമാറ്റിക് സ്ലീപ്പ് ഡിറ്റക്ഷന്‍ ഫീച്ചര്‍ എയര്‍പോഡ്സില്‍ വികസിപ്പിക്കുകയാണ് ആപ്പിള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍പോഡ്സിന്റെ സ്റ്റെമ്മില്‍ ടാപ്പ് ചെയ്ത് തങ്ങളുടെ ഐഫോണിലോ ഐപാഡിലോ ഫോട്ടോ എടുക്കാന്‍ സാധിക്കുന്ന സംവിധാനവും ആപ്പിള്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് 9to5Mac റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ ഒന്‍പത് മുതല്‍ 13 വരെ നടക്കുന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സിൽ (WWDC) ഇത്തവണ എയര്‍പോഡ്സും താരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എല്ലാ വര്‍ഷവും നടത്തുന്ന ഈ കോണ്‍ഫറന്‍സ് സാധാരണയായി iOS, macOS പോലുള്ള സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സ്ലീപ്പ് ഡിറ്റക്ഷന്‍, ഹാന്‍ഡ്സ്-ഫ്രീ ക്യാമറ നിയന്ത്രണങ്ങള്‍ പോലുള്ള പുതിയ ഫീച്ചറുകളോടെ എയര്‍പോഡ്സിന് കാര്യമായ മികവ് നല്‍കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നതെന്നാണ് സൂചനകള്‍. ഓട്ടോമാറ്റിക് സ്ലീപ്പ് ഡിറ്റക്ഷന്‍ ഫീച്ചര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമോ അതോ ഉറക്കം ട്രാക്ക് ചെയ്യുന്ന ആപ്പിള്‍ വാച്ചുമായി ബന്ധിപ്പിക്കേണ്ടി വരുമോ എന്നത് വ്യക്തമല്ല. എങ്കിലും ഉറങ്ങുന്നതിനുമുമ്പ് പാട്ട് കേള്‍ക്കുന്നവര്‍ക്ക് ഇത് സഹായകമാകും പുതിയ ഫീച്ചര്‍ എന്നാണ് വിലയിരുത്തൽ. ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചറാണ് എയര്‍പോഡ്സ് വഴിയുള്ള ക്യാമറ നിയന്ത്രണം.

അതിനിടെ നിയന്ത്രണങ്ങള്‍ അനായാസമാക്കുന്ന പുതിയ ഹെഡ് ജെസ്ചറുകള്‍ ആപ്പിള്‍ പരീക്ഷിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം, കോള്‍ സ്വീകരിക്കാനും നിരസിക്കാനും നോട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യാനും എയര്‍പോഡ്സ് പ്രോ 2 സൂക്ഷ്മമായ ഹെഡ് മൂവ്‌മെന്റുകള്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സംഭാഷണങ്ങള്‍ക്കിടയില്‍ മീഡിയയുടെ ശബ്ദം സ്വയം കുറയ്ക്കുന്നത് പോലുള്ള ഫീച്ചറുകള്‍ കൈകാര്യം ചെയ്യാന്‍ ഈ ജെസ്ചര്‍ നിയന്ത്രണങ്ങള്‍ വിപുലീകരിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായും വിവരമുണ്ട്. സ്റ്റെമ്മില്‍ അമര്‍ത്തുകയോ സ്വൈപ്പ് ചെയ്യുകയോ ചെയ്യുന്നതിന് പകരം പ്ലേബാക്ക് പുനരാരംഭിക്കാനോ മോഡുകള്‍ മാറ്റാനോ ഉപയോക്താക്കള്‍ക്ക് തലയാട്ടുകയോ ചരിയ്ക്കുകയോ ചെയ്താല്‍ മാത്രം മതിയാകും.

ക്രിയേറ്റര്‍മാര്‍ക്കും കണ്ടന്റ് പ്രൊഫഷണല്‍സിനുമായി ഒരു സ്റ്റുഡിയോ നിലവാരമുള്ള മൈക്ക് മോഡും വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, ഷെയേഡ് ഐപാഡുകള്‍ക്കായുള്ള മെച്ചപ്പെടുത്തിയ എയര്‍പോഡ്സ് പെയറിംഗ് സിസ്റ്റത്തെക്കുറിച്ചും സൂചനകള്‍ പുറത്തുവരുന്നുണ്ട്. സങ്കീര്‍ണ്ണമായ ബ്ലൂടൂത്ത് ക്രമീകരണങ്ങള്‍ ആവശ്യമില്ലാതെ തന്നെ സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ഐപാഡുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് അവരുടെ എയര്‍പോഡ്സ് വേഗത്തില്‍ കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് ഇതെന്നാണ് വിവരം. ഏറെ പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകളാണ് ഇതെല്ലാം എങ്കിലും ഇവ ഉടന്‍ പ്രഖ്യാപിക്കുകയോ പുറത്തിറക്കുകയോ ചെയ്യണമെന്നില്ല. പുറത്തിറക്കുന്നതിന് മുമ്പ് ആപ്പിള്‍ പലപ്പോഴും ഫീച്ചറുകള്‍ കമ്പനിക്കുള്ളിൽ തന്നെയോ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കളുമായി സഹകരിച്ചോ പരീക്ഷിക്കുകയാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *