Your Image Description Your Image Description

ന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ ശുഭാന്‍ഷു ശുക്ല അടക്കമുള്ളവരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള ഡ്രാഗണ്‍ ബഹിരാകാശ പേടകം വിക്ഷേപണത്തറയിലെത്തിച്ച് സ്‌പേസ് എക്‌സ്. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഘടിപ്പിച്ചാണ് പേടകം എത്തിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കും തമ്മിലുണ്ടായ നാടകീയമായ വാക്‌പോരിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് സ്‌പേസ് എക്‌സ് ബഹിരാകാശ പേടകം നാസയുടെ വിക്ഷേപണത്തറയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം സ്‌പേസ് എക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

ജൂണ്‍ 10 ചൊവ്വാഴ്ച രാവിലെ 8.22 (പ്രാദേശിക സമയം) ന് കെന്നഡി ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് പേടകത്തിന്റെ വിക്ഷേപണം നടക്കുക.
ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളില്‍ നിന്നുള്ള നാല് സഞ്ചാരികള്‍ 14 ദിവസത്തെ ദൗത്യത്തിനായാണ് പുറപ്പെടുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാൻഷു ശുക്ലയായിരിക്കും പേടകം നിയന്ത്രിക്കുന്നത്. ദൗത്യത്തിനായി സ്‌പേസ് എക്‌സും ആക്‌സിയം സ്‌പേസും ചേര്‍ന്നാണ് അദ്ദേഹത്തിന് പരിശീലനം നല്‍കിയത്. ആക്‌സിയം സ്‌പേസിന്റെ നാലാമത്തെ മനുഷ്യ ബഹിരാകാശ ദൗത്യമാണ് ആക്‌സിയം 4. പൂര്‍ണ്ണമായും സ്വയം നിയന്ത്രിക്കുന്നതും മനുഷ്യന്റെ ഇടപെടല്‍ ആവശ്യമില്ലാത്തതുമായ ഈ പേടകത്തിന്റെ ഡോക്കിംഗ് അടക്കമുള്ളവയുടെയും മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ശുഭാൻഷു ശുക്ലയെയാണ്.

ദൗത്യത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കാന്‍ ശുഭാൻഷു ശുക്ല ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ശുഭാൻഷു ശുക്ല അടക്കമുള്ളവര്‍ ജൂണ്‍ 10 ചൊവ്വാഴ്ച ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര പുറപ്പെടുന്നത്. ഏകദേശം 28 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം ജൂണ്‍ 11 ന് രാത്രി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യാനാണ് സാധ്യത. ലക്ഷ്യമിടുന്ന ഡോക്കിംഗ് സമയം ഏകദേശം രാത്രി 10 (ഇന്ത്യന്‍ സമയം) ആണെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ജൂണ്‍ 8-നാണ് നേരത്തെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്, എന്നാല്‍ കഴിഞ്ഞയാഴ്ച ഇത് രണ്ട് ദിവസത്തേക്ക് നീട്ടി ജൂണ്‍ 10 ലേക്ക് മാറ്റുകയായിരുന്നു. ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോഷ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി എന്നിവരും ദൗത്യത്തിന്റെ ഭാഗമാകും. 1984-ല്‍ റഷ്യയുടെ സോയൂസ് ദൗത്യത്തിന്റെ ഭാഗമായി രാകേഷ് ശര്‍മ്മ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ആക്സിയം 4 ദൗത്യത്തിലൂടെ വീണ്ടുമൊരു ഇന്ത്യക്കാരന്‍ ചരിത്രദൗത്യത്തിന് ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *