Your Image Description Your Image Description

ഇടുക്കി: തൊടുപുഴ ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. ലോഹഭാ​ഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടിയ ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജ എന്ന യുവാവിന്റെ കാലിലെ മുറിവാണ് ലോഹഭാ​ഗം എടുത്തുമാറ്റാതെ ആശുപത്രി ജീവനക്കാർ തുന്നിക്കട്ടിയത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. വെൽഡിം​ഗ് തൊഴിലാളിയായ യുവാവ്കാലിന് പരിക്ക് പറ്റിയാണ് ആശുപത്രിയിലെത്തിയത്. ലോഹച്ചീള് അകത്ത് വെച്ച് തന്നെ തുന്നിക്കെട്ടി വിടുകയാണുണ്ടായത്. തുടർന്ന് വേദന സഹിക്കാൻ സാധിക്കാതെ മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ് ലോഹച്ചീള് മുറിവിലുണ്ടായിരുന്നതായി മനസിലായത്.

അഞ്ച് സ്റ്റിച്ചുകളാണ് മുറിവിലുണ്ടായിരുന്നത്. എല്ലാ ദിവസവും ഡ്രെസ് ചെയ്യാന്‍ പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും കാലിന്റെ വേദനയ്ക്ക് ശമനമുണ്ടായില്ലെന്നും കാല് നിലത്തുകുത്താൻ പോലും സാധിച്ചിരുന്നില്ലെന്നും ഹാജ പറയുന്നു. കാലിൽ പഴുപ്പും കൂടിവന്നു. സർജനെ കാണിക്കാൻ പറഞ്ഞു. എന്നിട്ടും മാറ്റമൊന്നുമുണ്ടായില്ല. ലോഹച്ചീള് മുറിവിലുണ്ടെന്ന് സംശയം പറഞ്ഞെങ്കിലും ആശുപത്രി അധികൃതർ അക്കാര്യം ശ്രദ്ധിച്ചില്ല. അടുത്തുള്ള ആശുപത്രിയിൽ കാണിച്ചപ്പോഴാണ് മുറിവിൽ നിന്നും ലോഹച്ചീള് എടുത്തുമാറ്റിയത്.

ആർഎംഒയ്ക്ക് ഉൾപ്പെടെ യുവാവ് പരാതി നൽകിയിട്ടുണ്ട്. പരാതി കിട്ടിയെങ്കിലും ആശുപത്രിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി സൂപ്രണ്ട്. എക്സ്റേയിൽ ലോഹ ഭാ​ഗമൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts