Your Image Description Your Image Description

കോതമംഗലത്ത് ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ യാഥാർത്ഥ്യമാവുകയാണ്. ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി ശേഷിക്കുന്നത് അവസാനഘട്ട മിനുക്കുപണികളാണ്. ഇരുനിലകളിലായി 10,000 ചതുരശ്രയടി വിസ്തീർണ്ണം വരുന്ന കെട്ടിടവും ബസ് ബേ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ആണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് നിർമ്മാണ പൂർത്തീകരണത്തിനായി 46 ലക്ഷം കൂടി അനുവദിച്ചു. അങ്ങനെ മൂന്ന് കോടിയോളം രൂപ ചെലവിൽ ഒരുക്കിയിരിക്കുന്ന ടെർമിനിലിന്റെ
താഴത്തെ നിലയിൽ സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം, എൻക്വയറി കൗണ്ടർ, യാത്രക്കാരായ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക വെയ്റ്റിങ്ങ് ഏരിയ, പുരുഷ – വനിത ജീവനക്കാർക്ക് വേണ്ടി പ്രത്യേകം വെയ്റ്റിങ്ങ് ഏരിയ അടക്കമുള്ള സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

മുകളിലെ നിലയിലാണ് ആധുനിക രീതിയിലുള്ള ഓഫീസ് സംവിധാനം ക്രമീകരിക്കുന്നത്. പുതിയ ടോയ്‌ലറ്റ് ബ്ലോക്ക്,വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും ടെർമിനലിന്റെ ഭാഗമാണ്. കെട്ടിടത്തിനു മുന്നിലായി ബസ് ബേയോടനുബന്ധിച്ച് 100 ചതുരശ്ര സ്ക്വയർ മീറ്ററിൽ ബസ് പാർക്കിംഗ് യാഡ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. കെട്ടിടത്തിൻ്റെ പുറകു വശത്തായി സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്.

ഹൈ റേഞ്ചിന്റെ കവാടമായ കോതമംഗലത്തെ സംബന്ധിച്ചിടത്തോളം പുതിയ ബസ് ടെർമിനൽ ഏറെ പ്രയോജനപ്രദമാണ്. പ്രദേശവാസികൾക്കൊപ്പം വിനോദസഞ്ചാരികളും വലിയ രീതിയിൽ ഉപയോഗപ്പെടുത്തുന്ന ഡിപ്പോയാണ് കോതമംഗലത്തേത്. നിലവിൽ 43 സർവീസുകളാണ് ഡിപ്പോയിൽ നിന്നും കൈകാര്യം ചെയ്യുന്നത്. അതിനുപുറമേ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാമലക്കണ്ടം, മൂന്നാർ, തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്രകളും നടത്തി വരുന്നു.

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് സാധ്യമാകുന്നതെന്നും വൈകാതെ തന്നെ പദ്ധതി നാടിന് സമർപ്പിക്കുമെന്നും ആന്റണി ജോൺ എം.എൽ എ പറഞ്ഞു.

Related Posts