Your Image Description Your Image Description

തിരുവനന്തപുരം നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് വീടുകളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ചു സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി ചിലവ് കുറഞ്ഞ ഇലക്ട്രിക് ട്രൈസൈക്കിളുകൾ ലഭ്യമാക്കി.

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ  (കെ-ഡിസ്‌ക്) ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരാശയം (OLOI) പദ്ധതിയുടെ ഭാഗമായി സോഷ്യൽ ആൽഫ, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ ഇന്ത്യ ഫൗണ്ടേഷൻ, കില എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ‘ഇന്നൊവേഷൻസ് ഇൻ സസ്റ്റൈനബിൾ അർബൻ ട്രാൻസിഷൻ’ എന്ന വിഷയ മേഖലയിൽ  സംഘടിപ്പിച്ച  ഇന്നൊവേഷൻ ചലഞ്ചിലൂടെ  കണ്ടെത്തിയ നൂതനാശയമാണ് ചിലവ് കുറഞ്ഞ ഇലക്ട്രിക് ട്രൈസൈക്കിളുകൾ. ആക്‌സിലെറോ വെഹിക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് ആണ് ഇതിന്റെ നിർമ്മാതാക്കൾ.

എട്ട് മണിക്കൂർ ഫുൾ ചാർജിൽ ഹരിത വാഹിനിയ്ക്ക് 30 മുതൽ 40 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കും. ഒരു മണിക്കൂറിൽ18 കിലോമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗത. രണ്ട് യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. സാധാരണ പ്ലഗ് പോയിന്റുകളിൽ വാഹനം ചാർജ് ചെയ്യാൻ സാധിക്കും എന്നുള്ളതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭയിൽ 15 വാർഡുകളിലായി 15 ഇലക്ട്രിക് ട്രൈസൈക്കിളുകളാണ് വിതരണം ചെയ്യുന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നഗരസഭാ അങ്കണത്തിലുള്ള ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വച്ച് വാഹങ്ങളുടെ താക്കോൽ കൈമാറ്റം നിർവ്വഹിച്ചു.

ഹരിത കർമ്മസേന അംഗങ്ങൾക്ക് ജോലിഭാരം കുറയ്ക്കുവാനും സമയം ലാഭത്തിനും, ഇതുവഴി വരുമാന വർദ്ധനവിനും ഇലക്ട്രിക് ട്രൈസൈക്കിളുകൾ സഹായിക്കും. ഓരോ വാർഡിലെയും രണ്ട് വീതം ഹരിതകർമ്മ സേനാംഗങ്ങൾക്ക് വാഹനം ഓടിക്കുന്നതിന് ഒരു മാസത്തെ പരിശീലനം പുത്തരിക്കണ്ടം മൈതാനത്ത് വച്ച് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts