Your Image Description Your Image Description

തിരുവനന്തപുരം: കോൺഗ്രസിലെ തരൂർ വിഷയത്തിൽ ശശി തരൂരിന് പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പറക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് പറക്കണം, ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റയ്ക്ക് പറന്നാല്‍ ചിറകരിഞ്ഞ് താഴെ വീഴുമെന്നും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ആര്യാടന്‍ ഷൗക്കത്തിന് നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു കെ മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ളവര്‍ വേദിയിലിരിക്കയാണ് മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചത്.

നിലമ്പൂര്‍ മോഡലില്‍ പ്രവര്‍ത്തിച്ചാല്‍ നല്ല നേരം നോക്കി സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ മുരളീധരന്‍ തുടങ്ങിയത്. നിലമ്പൂരില്‍ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. നിലമ്പൂര്‍ മോഡലില്‍ മുന്നോട്ടുനീങ്ങിയാല്‍ കേരളം യുഡിഎഫിന്റെ കൈകളില്‍ എത്തും. മുന്‍പ് ആശാപ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തില്‍ സ്ത്രീകളുടെ കണ്ണീര് വീണാല്‍ ആ ഭരണകര്‍ത്താവിന് അധികം മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞിരുന്നു. അവരുടെ സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ആശാപ്രവര്‍ത്തകര്‍ നിലമ്പൂരിലെത്തി രണ്ട് ദിവസം സൈലന്റായി നടത്തിയ പ്രവര്‍ത്തനം ഒരുപാട് സ്ത്രീകളുടെ മനസ്സലിയിച്ചു. നിലമ്പൂരിലേത് യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്നും പറക്കുമ്പോൾ ഒന്നിച്ച് പറക്കണമെന്നും മുരളീധരൻ പറഞ്ഞത്.

കഴിഞ്ഞ കുറച്ചുനാളുകളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന നിലപാടായിരുന്നു ശശി തരൂര്‍ സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് രാജ്യം ഒന്നാമതും പാര്‍ട്ടി അതിന് ശേഷവും എന്നനിലപാടാണ് ഉള്ളതെന്നും എന്നാല്‍ ചിലര്‍ക്ക് മോദിയാണ് ഒന്നാമത്, രാജ്യം അതിന് ശേഷം എന്ന നിലപാടാണുള്ളതെന്നുമായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ശശി തരൂരിന്റെ മോദി സ്തുതിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു തരൂര്‍ ഇക്കാര്യം പറഞ്ഞത്.

തൊട്ടുപിന്നാലെ ഖര്‍ഗെയുടെ പരാമര്‍ശത്തിന് പ്രതീകാത്മക മറുപടിയുമായി ശശി തരൂരും രംഗത്തെത്തി. എക്സിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. പറക്കാന്‍ അനുമതി ചോദിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ചിറകുകള്‍ നിന്റേതാണെന്നും ആകാശം ആരുടേതുമല്ലെന്നും പറക്കാന്‍ തയ്യാറായി ഇരിക്കുന്ന ഒരു പക്ഷിയുടെ ചിത്രം പങ്കുവെച്ച് തരൂര്‍ കുറിച്ചിരുന്നു. ഇത് വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts