Your Image Description Your Image Description

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ മുരളീധര പക്ഷത്തിൻറെ രൂക്ഷ വിമർശനം. വികസനം മാത്രം പറഞ്ഞിരുന്നാൽ കേരളത്തിൽ വോട്ട് കിട്ടില്ലെന്നും കോർപ്പറേറ്റ് രാഷ്ട്രീയം നേട്ടമാകില്ലെന്നുമായിരുന്നു പ്രധാന വിമർശനം. തൃശൂരിലെ നേതൃയോഗത്തിലേക്ക് തങ്ങളെ ക്ഷണിക്കാതിരുന്നതിലും വി മുരളീധരനും കെ സുരേന്ദ്രനും വിമർശനം ഉന്നയിച്ചു. യോഗത്തിലെ വിമർശനം തള്ളാതെയായിരുന്നു വാർത്താസമ്മേളനത്തിലെ കെ സുരേന്ദ്രൻറെ പ്രതികരണം.

രാജീവ് ചന്ദ്രശേഖറിൻ്റെ ശൈലിക്കെതിരെ പാർട്ടിയിലെ അമർഷമാണ് കോർ കമ്മിറ്റിയിൽ മുരളീധരൻ പക്ഷം ഉയർത്തിയത്. ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് നിലമ്പൂരിൽ നടത്തിയ പരീക്ഷണം വിജയം കണ്ടില്ല, കൂട്ടായ ചർച്ച പാർട്ടിയിൽ നടക്കുന്നില്ല, പ്രൊഫഷണൽ എന്ന് പറഞ്ഞ് കോർപ്പറേറ്റ് വൽക്കരണമാണ് നടക്കുന്നതെന്നും വിമർശിക്കപ്പെട്ടു. മഹിളാ മോർച്ച, യുവമോർച്ച ഭാരവാഹികളെ കണ്ടെത്താൻ നടത്തിയ ടാലൻറ് ഹണ്ടിനെതിരെയും വിമർശനം ഉയർന്നു.

വികസനം മാത്രം പറഞ്ഞാൽ കേരളത്തിൽ വോട്ട് കിട്ടില്ലെന്നും എതിർ പക്ഷം കുറ്റപ്പെടുത്തി. തൃശൂരിലെ നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ മുരളീധരനും സുരേന്ദ്രനും വിമർശനം ഉന്നയിച്ചപ്പോൾ, ഇരുവർക്കും കൂടുതൽ ചുമതലകളുള്ളത് കൊണ്ടാണ് വിളിക്കാതെ പോയതെന്നായിരുന്നു അധ്യക്ഷൻറെ വിശദീകരണം. കൃഷ്ണദാസ് പക്ഷം പുതിയ അധ്യക്ഷനൊപ്പം നിലയുറപ്പിച്ചതിലും മുരളീധര വിഭാഗത്തിന് അമർഷമുണ്ട്. പുതിയ ഭാരവാഹി പട്ടികയിൽ കൃഷ്ണദാസ് പക്ഷത്തിന് കൂടുതൽ പരിഗണന കിട്ടുമെന്ന അഭ്യൂഹമുണ്ട്. അങ്ങിനെയെങ്കിൽ പുനഃസംഘടനക്ക് പിന്നാലെ വിമർശനം കൂടുതൽ ശക്തമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Related Posts