Your Image Description Your Image Description

കോഴിക്കോട്: സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം മതപണ്ഡിതരിൽ നിന്നും ഉണ്ടാകരുതെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎൻ എം) സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി. സൂംബ വിവാദത്തിന്റെ മറവിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപണ്ഡിതർ വളരെ പക്വതയോടെ സംസാരിക്കാൻ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് സൂംബ വിവാദത്തിൽ ടി പി അബ്ദുല്ല കോയ മദനി നിലപാട് വ്യക്തമാക്കിയത്.

വർഗീയത കത്തിക്കുന്നവർക്ക് അത് അണയ്ക്കാൻ കഴിയില്ല എന്ന കാര്യം തിരിച്ചറിയണമെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം അടിസ്ഥാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്ന വിവാദങ്ങൾക്ക് തിരി കൊളുത്തുന്നതിനെ കരുതിയിരിക്കണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു. മുസ്ലീം സംഘടനകൾ ഉയർത്തുന്ന സൂംബ വിവാദം പൊതുസമൂഹത്തിന് അത്ര നല്ലതല്ല എന്ന മുന്നറിയിപ്പാണ് അബ്ദുല്ല കോയ മദനി നൽകുന്നത്.

ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് വോട്ടർ പട്ടികയുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ഉയർത്തിയ സംശയം എത്രയും വേഗം ദൂരീകരിക്കണമെന്നും പ്രവർത്തക കൺവൻഷൻ അഭിപ്രായപ്പെട്ടു. വോട്ടർ പട്ടിക പരിശോധനക്ക് നിലവിൽ സ്വീകരിക്കുന്ന രേഖകൾക്ക് പുറമെ പൗരത്വം ചോദ്യം ചെയ്യുന്ന രൂപത്തിലുള്ള ഇടപെടൽ സംശയം ഉണ്ടാക്കുന്നതാണ്. എൻആർസിക്കെതിരേ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്ന ഘട്ടത്തിൽ പിൻവാങ്ങിയ കേന്ദ്ര സർക്കാർ തന്ത്രപരമായി രാജ്യത്തെ പൗരന്മാരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല.

ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തിൽ നിന്നും എടുത്ത് മാറ്റണമെന്ന ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയും അതിനു പിന്തുണ നൽകുന്ന ഭരണഘടനാ സ്ഥാപന മേധാവികളുടെ വാക്കുകളും അങ്ങേയറ്റം ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. രാജ്യത്ത് നിലനിൽക്കുന്ന ചട്ടങ്ങളും വ്യവസ്ഥകളും റദ്ദ് ചെയ്തു ഏകാധിപത്യത്തിലേക്ക് വഴി വെട്ടുന്നത് ഒറ്റകെട്ടായി തടയണമെന്നും കെ എൻ എം സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.

‘പവിത്ര കുടുംബം പരിശുദ്ധ ബന്ധങ്ങൾ’ എന്ന പ്രമേയത്തിൽ നടക്കുന്ന കെ എൻ എം ശാഖാ കുടുംബ സംഗമം കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. പ്രൊഫ എൻ വി അബ്ദു റഹ്‌മാൻ,ഡോ ഹുസൈൻ മടവൂർ, എം ടി അബ്ദു സമദ് സുല്ലമി, എ അസ്ഗർ അലി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഡോ.സുൾഫിക്കർ അലി, അബ്ദു റഹ്‌മാൻ പാലത്ത്,സി. മുഹമ്മദ് സലീം സുല്ലമി,ഡോ പി പി അബ്ദുൽ ഹഖ് , സുഹ്‌റ മമ്പാട്, കെ എം എ അസീസ്,റഹ്മത്തുല്ല സ്വലാഹി സുഹ്ഫി ഇമ്രാൻ, അമീൻ അസ്‌ലഹ് ,അസീം തെന്നല എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts