Your Image Description Your Image Description

കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ 22 വയസുകാരനെ ബൈക്ക് മോഷണ കേസിൽ പിടികൂടി. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവാണ് പിടിയിലായത്. കൊയിലാണ്ടി കാരയാട് സ്വദേശി അമലി(22) നെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മൂന്നിന് പറയഞ്ചേരി ഹാദി ഹോംസ് എന്ന ഫ്‌ളാറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ കേസിലാണ് അറസ്റ്റ്. വയനാട് സ്വദേശി ഡെറിക് എബ്രഹാമിന്‍റെ പേരിലുള്ള ബജാജ് പള്‍സര്‍ ബൈക്കാണ് അമല്‍ മോഷ്ടിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ മോഷ്ടാവിനെ കുറിച്ചുള്ള സൂചന ലഭിക്കുകയും ഇയാളെ പേരാമ്പ്രയില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ താനൂര്‍, കൊടുവള്ളി, മേപ്പയ്യൂര്‍, ബാലുശ്ശേരി, പെരുവണ്ണാമൂഴി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. വാഹനമോഷണം, വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കല്‍, വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിലായ കേസ്, പൊതുജനത്തിന് ശല്യമുണ്ടാക്കല്‍ തുടങ്ങിയ കേസുകളാണ് പ്രധാനമായും ഇയാള്‍ക്കെതിരേയുള്ളതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് എസിപി ഉമേഷിന്‍റെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌സിപിഒ മാരായ ബഷീര്‍, വിഷ്ണുലാല്‍ എന്നിവരും മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അരുണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ അമലിനെ റിമാന്‍റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts