Your Image Description Your Image Description

ധനുഷ് നായകനായി ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രമാണ് കുബേര. ജൂണ്‍ 20 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് അഞ്ച് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളില്‍ ഒരു കൗതുകമുണ്ട്. ചിത്രത്തിന്‍റെ ഇന്ത്യയിലെ കളക്ഷനില്‍ ഭൂരിഭാഗവും വന്നിരിക്കുന്നത് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതിനെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ചെറിയ ശതമാനവുമാണ്.

 

തെലുങ്കിന്‍റെ കണക്ക് പ്രകാരം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം തമിഴ്നാട്ടില്‍ നിന്ന് നേടിയത് 20 കോടി മാത്രമാണ്. രണ്ട് ഭാഷകളിലുമായി നിര്‍മ്മിക്കപ്പെട്ട ചിത്രത്തില്‍ രണ്ട് ഭാഷകളിലെയും പ്രധാന താരങ്ങളും കേന്ദ്ര കഥാപാത്രങ്ങളായി ഉണ്ട്. അതിനാല്‍ത്തന്നെ ഇരുഭാഷകളിലും ഒരേ തരത്തിലുള്ള സ്വീകാര്യതയും പ്രതീക്ഷിച്ചു.ഇതിനെക്കുറിച്ച് സംവിധായകന്‍ തന്നെ പ്രതികരിച്ചിട്ടുമുണ്ട്.

 

‘ഞാന്‍ കരുതിയിരുന്നത് കുബേരയുടെ കഥയുമായും അതിലെ ധനുഷിന്‍റെ കഥാപാത്രവുമായും തമിഴ് പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നും എന്നായിരുന്നു. എന്നാല്‍ തമിഴ് പതിപ്പിന്‍റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം എന്തുകൊണ്ട് അത്തരത്തില്‍ സംഭവിച്ചുവെന്നതിന്‍റെ കാരണം ഞങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ട്’ ശേഖര്‍ കമ്മൂല പറഞ്ഞു.

 

സുനിൽ നാരംഗ്, പുഷ്കര്‍ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിച്ചിരിക്കുന്നത് സോണാലി നാരംഗ് ആണ്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. ജിം സർഭും ദലിപ് താഹിലും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങളില്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts