Your Image Description Your Image Description

തെരുവുനായ ശല്യം ചെറുക്കാന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ വന്ധ്യംകരണ കേന്ദ്രങ്ങളും തുടങ്ങണമെന്ന് ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ തീരുമാനം. ഒരു മാസത്തിനുള്ളില്‍ ഷെല്‍ട്ടര്‍ ഹോമുകളും എബിസി കേന്ദ്രങ്ങളും സ്ഥാപിക്കണം. എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായി വരുന്ന ചെലവിന്റെ ഒരു ഭാഗം ബ്ലോക്ക് പഞ്ചായത്തിന് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ വഹിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സന്‍ അഡ്വ. കെ. കെ. രത്‌നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഷെല്‍ട്ടര്‍ ഹോമുകളുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങള്‍ ജീവനക്കാരെ നിയോഗിക്കണം. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഉള്‍പ്പെടെയുള്ളവക്ക് മൃഗസ്‌നേഹികളുടെ സഹായവും തേടാം. സന്നദ്ധസംഘടനകളുടെ സഹായത്തോടെ സഞ്ചരിക്കുന്ന എബിസി കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആലോചിക്കാം. ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ മറികടക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ നടത്തണം. തദ്ദേശസ്ഥാപനങ്ങള്‍ തെരുവുനായ്ക്കളെ പിടിക്കുന്നത് സന്നദ്ധരായവരെ കണ്ടെത്തി മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചാല്‍ ജില്ലാതലത്തില്‍ പരിശീലനം നല്‍കും.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി അംഗീകാരത്തിന്റെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തിക്ക് അനുബന്ധമായി വരുന്ന ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്ക് യഥാസമയം എസ്റ്റിമേറ്റ് ലഭ്യമാകുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിന് കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുമെന്ന് ഡി പി സി അറിയിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. പയ്യാവൂര്‍, ചപ്പാരപ്പടവ്, കൊട്ടിയൂര്‍, രാമന്തളി, കണിച്ചാര്‍ ഗ്രാമപഞ്ചായത്തുകളുടെയും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും 2025-26 ഹെല്‍ത്ത് ഗ്രാന്‍ഡ് പ്രോജക്ടിന് അംഗീകാരം നല്‍കി.

ഡിപിസി ചെയര്‍പേഴ്‌സണ്‍ അഡ്വ. രത്‌നകുമാരി, മെമ്പര്‍ സെക്രട്ടറി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡിപിസി അംഗങ്ങളായ അഡ്വ.ബിനോയ് കുര്യന്‍, വി.ഗീത, കെ താഹിറ, ലിസി ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, സര്‍ക്കാര്‍ നോമിനി കെ.വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, തദ്ദേശ അധ്യക്ഷന്‍മാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts