Your Image Description Your Image Description

തിരുവനന്തപുരം: ജനാധിപത്യധ്വംസനം പോലെത്തന്നെ മറ്റുള്ളവരുടെ അഭിപ്രായത്തിന് ഇടംനല്‍കാത്ത ഏതുതരത്തിലുള്ള അസഹിഷ്ണുതയും അടിയന്തരാവസ്ഥതന്നെയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ . വ്യത്യസ്ത അഭിപ്രായങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് ക്ഷമിക്കാനാകില്ല. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ മറിച്ചൊരു രൂപമാണ് വിഭിന്ന അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നത്. കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പുസ്തകപ്രകാശനച്ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വെച്ചതിലുണ്ടായ പ്രതിഷേധത്തെ പരാമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു.

താന്‍ ചുമതലയേറ്റപ്പോള്‍ത്തന്നെ ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയതാണ്. ഇതിനര്‍ഥം ഒത്തുതീര്‍പ്പിന് വഴങ്ങുമെന്നല്ല. ഞാന്‍ രാഷ്ട്രീയക്കാരനുമല്ല. ഗവര്‍ണറെ തടയുന്നതല്ല ജനാധിപത്യം. തന്റെ വിശ്വാസം, കാഴ്ചപ്പാട്, ആദര്‍ശം എന്നിവയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അത് ആരെയും അടിച്ചേല്പിക്കാനുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം പുലര്‍ത്താം. നിങ്ങള്‍ക്ക് പറയാനുള്ളത് ഉറക്കെ പറയൂ. അഭിപ്രായവത്യാസമുണ്ടെങ്കില്‍ സംവാദമാകാം. മറ്റുള്ളവരുടെ അഭിപ്രായത്തെ അംഗീകരിക്കാത്തത് ഈ മണ്ണിന്റെ സംസ്‌കാരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസും സിപിഎമ്മും സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. ആര്‍എസ്എസുകാരെ ക്രിമിനലെന്നു വിളിച്ചാല്‍ താനും ക്രിമിനലാണെന്നാണ് ജയപ്രകാശ് നാരായണ്‍ പറഞ്ഞത്. ബോംബെയില്‍നിന്ന് സിപിഎം സ്ഥാനാര്‍ഥി അഹല്യ ജയിച്ചത് ജനസംഘം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ്. കേരളത്തില്‍ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പോലീസിന്റെ ക്രൂരമായ മര്‍ദനത്തിനിരയായി. എന്നാല്‍, അദ്ദേഹത്തിനായി ആരും ശബ്ദമുയര്‍ത്തിയില്ല.

ആര്‍എസ്എസും സിപിഎമ്മും അന്ന് സഹകരിച്ചത് അന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായിരുന്നു. ഇന്നിപ്പോള്‍ ആ സഹകരണമില്ല. ഇന്നിപ്പോള്‍ തനിക്കെതിരേ പ്രതിഷേധിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. തനിക്കാരോടും രാഷ്ട്രീയപരമായ ശത്രുതയില്ല. ഉണ്ടായിരുന്നെങ്കില്‍ നിശ്ചതസമയത്തുതന്നെ എത്തുമായിരുന്നു. അത് പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുമായിരുന്നു – ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts