Your Image Description Your Image Description

ഫിഫ ക്ലബ്ബ് ലോകകപ്പ് കളിക്കാത്തതിൻ്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസര്‍ ടിവിയില്‍ സംസാരിക്കവേയാണ് റൊണാള്‍ഡോ മനസുതുറന്നിരിക്കുന്നത്. അല്‍ നസറുമായി കരാര്‍ പുതുക്കാനും സൗദിയില്‍ തന്നെ തുടരാനുമുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.

‘ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ എനിക്ക് ചില ക്ലബ്ബുകളില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് നല്ല വിശ്രമവും തയ്യാറെടുപ്പും ആയിരുന്നു ഏറ്റവും ആവശ്യം. ലോകകപ്പ് കൂടി വരുന്നതുകൊണ്ട് ഈ സീസണ്‍ വളരെ ദൈര്‍ഘ്യമേറിയതായിരിക്കും’, അല്‍ നസര്‍ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റൊണാള്‍ഡോ പറഞ്ഞു.

‘അല്‍ നസറിന് മാത്രമല്ല ദേശീയ ടീമിന് വേണ്ടിയും ഞാന്‍ തയ്യാറായിരിക്കണം. അതുകൊണ്ടാണ് നേഷന്‍സ് ലീഗിനായി സീസണിലെ അവസാന മത്സരം കളിക്കാനും മറ്റുള്ളവയെല്ലാം നിരസിക്കാനും ഞാന്‍ തീരുമാനിച്ചത്. അല്‍ നസറിന് പ്രധാന നേട്ടങ്ങള്‍ സമ്മാനിക്കുകയാണ് ലക്ഷ്യം. അതിന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. സൗദി അറേബ്യയില്‍ ഞാന്‍ ഒരു ചാമ്പ്യനാകുമെന്ന് വിശ്വാസമുള്ളത് കൊണ്ടാണ് രണ്ട് വര്‍ഷം കൂടി പുതുക്കിയത്’, റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

അതേസമയം സൗദി ക്ലബ്ബുമായി രണ്ട് വര്‍ഷത്തേക്കാണ് റൊണാള്‍ഡോ കരാര്‍ നീട്ടിയത്. 2025 ജൂലൈ 30ന് അല്‍ നസറുമായുള്ള കരാര്‍ അവസാനിക്കുന്നതിനാല്‍ നിരവധി ക്ലബ്ബുകള്‍ റൊണാള്‍ഡോയെ നോട്ടമിട്ടിരുന്നു. അല്‍ നസര്‍ ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടാത്തതിനാല്‍ യോഗ്യത നേടിയ മറ്റൊരു ക്ലബ്ബിലേക്ക് മാറുമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ കഴിഞ്ഞ മാസം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts