Your Image Description Your Image Description

ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ലോകത്തിന് മാതൃകയാവുകയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം മേഖലാതല ഫയല്‍ അദാലത്ത് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയസെക്കന്‍ഡറി ഗേള്‍സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ അപേക്ഷകളും പ്രശ്‌നങ്ങളും തീര്‍പ്പാക്കാനുള്ള നടപടികള്‍ വൈകിപ്പിക്കരുതെന്നും ഓരോ ഫയലും ഓരോ വ്യക്തിയുടെയും പ്രതീക്ഷയായതിനാല്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറിലധികം അപേക്ഷകളാണ് അദാലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടന്ന പരാതികളില്‍ മന്ത്രി നിയമന ഉത്തരവ് നല്‍കി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ മേഖല ഓഫീസ് പരിധികളില്‍ വരുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളെ ഉള്‍പ്പെടുത്തിയാണ് ഉത്തരമേഖല അദാലത്ത് സംഘടിപ്പിച്ചത്. മലപ്പുറം ആര്‍ഡിഡിയുമായി ബന്ധപ്പെട്ട 29 അപേക്ഷകളില്‍ 15 എണ്ണവും കോഴിക്കോട് ആര്‍ഡിഡിയുമായി ബന്ധപ്പെട്ട 44 അപേക്ഷകളില്‍ രണ്ടെണ്ണവും കണ്ണൂര്‍ ആര്‍ഡിഡിയുമായി ബന്ധപ്പെട്ട 27 പരാതികളില്‍ 14 എണ്ണവും തീര്‍പ്പാക്കി.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സാ മാത്യു, കോഴിക്കോട് ആര്‍ഡിഡി രാജേഷ് കുമാര്‍, മലപ്പുറം ആര്‍ഡിഡി ഡി ജെ സതീഷ്, കണ്ണൂര്‍ ആര്‍ഡിഡി പി എക്‌സ് ബിയാട്രീസ് മരിയ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts