Your Image Description Your Image Description

പാലക്കാട്: ഒൻപതാം ക്ലാസുകാരിയായ വിദ്യാർത്ഥിയുടെ ആത്മഹത്യക്കു ശേഷം സ്കൂളിലെ സമയത്തിൽ മാറ്റം. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പിടിഎയുടെ ആവശ്യ പ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്. നേരുത്തേ 20 മിനുറ്റായിരുന്ന ഉച്ചയൂണ് സമയം 40 മിനുറ്റാക്കി വർധിപ്പിച്ചു. രണ്ട് ഇടവേള സമയങ്ങൾ 15 മിനുറ്റാക്കി ഉയർത്തിയിട്ടുണ്ട്.

മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ അറിയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതി നൽകാനും തീരുമാനമായിട്ടുണ്ട്.

ആശിർ നന്ദയുടെ ആത്മഹത്യക്ക് പിന്നാലെ പുതുതായി തെരഞ്ഞെടുത്ത പിടിഎ ഭാരവാഹിളുടെ സാന്നിധ്യത്തിൽ താൽക്കാലികമായി അടച്ചിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂൾ ഇന്നാണ് തുറന്നത്. പുതിയ പ്രിൻസിപ്പാളായി സിസ്റ്റർ പൗലിയും, വൈസ് പ്രിൻസിപ്പാളായി സിസ്റ്റർ ജൂലിയും ചുമതലയേറ്റെടുത്തു. ആശിർനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സ്കൂൾ അസംബ്ലിയും ചേർന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പരീക്ഷയിൽ ഒന്നര മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. പുതിയ അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടപ്പോൾ കുട്ടിയെ ഡിവിഷൻ മാറ്റിയിരുത്തുകയും ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് സ്വന്തം കൈപ്പടയിൽ കുട്ടിയെ കൊണ്ട് എഴുതി വാങ്ങിക്കുകയും ചെയ്തുവെന്ന് ബന്ധുക്കൾ ആരോപിച്ചു. മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് കുട്ടിയെ കൊണ്ട് ഇങ്ങനെ എഴുതി വാങ്ങിപ്പിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts