Your Image Description Your Image Description

ജമ്മു: അമർനാഥ് തീർഥാടനം തുടങ്ങാനിരിക്കേ മേഖലയിൽ സുരക്ഷാസംവിധാനം ശക്തമാക്കി. 38 ദിവസത്തെ തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ ഇന്ത്യൻ സുരക്ഷാ സേന ‘ഓപ്പറേഷൻ ശിവ’ ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ജമ്മു-കശ്മീർ പോലീസിന് പുറമേ, അർധസൈനിക വിഭാഗത്തിന്റെ 180 കമ്പനികളെയും സുരക്ഷയ്ക്കായി നിയോഗിച്ചതായി ജമ്മു-കശ്മീർ പോലീസ് വ്യക്തമാക്കി.

ജൂലൈ 3 ന് ആരംഭിച്ച് ഓഗസ്റ്റ് 9 വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിൻ്റെ സുഗമമായ നടത്തിപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീർഥാടകർക്ക് അമർനാഥിലേക്ക് പോകാൻ രണ്ടുവഴികളുണ്ട്. അനന്തനാഗ് ജില്ലയിലെ പഹൽഗാം വഴി 48 കിലോമീറ്റർ ദൂരമുണ്ട്. ഗന്ധർബാൾ ജില്ലയിലെ ബാൽതൾ വഴിയുള്ള യാത്രയിൽ 14 കിലോമീറ്റർ കുറവാണെങ്കിലും ഇത് കഠിനമായ പാതയാണ്. ഒറ്റയ്ക്ക് യാത്രചെയ്യരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്.

ഹിമാലയത്തിൽ 3,880 മീറ്റർ ഉയരത്തിലുള്ള ശിവന് സമർപ്പിച്ചിരിക്കുന്ന ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്ര ഏറെ ദുർഘടമാണ്. ജൂലൈ 3 ന് തീർത്ഥാടകരുടെ ആദ്യ സംഘം ശ്രീനഗറിൽ നിന്ന് ബസുകളിൽ യാത്ര പുറപ്പെടും. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർണ്ണതോതിൽ നടക്കുകയാണ്. യാത്രി നിവാസ് മുതൽ യാത്രയുടെ മുഴുവൻ വഴികളിലും അഭൂതപൂർവമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗുഹാക്ഷേത്രത്തിലേക്കുള്ള വഴിയുടെ 3ഡി മാപ്പിംഗ് സുരക്ഷാ സേന ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. പ്രവേശന, എക്സിറ്റ് പോയിന്റുകളിലെ സുരക്ഷാ ഓഡിറ്റും പൂർത്തിയായി. കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളുടെ 500-ലധികം കമ്പനികൾ അടങ്ങുന്ന കനത്ത സുരക്ഷാ വലയത്തിലാണ് പാത. പാതകളിൽ അട്ടിമറി വിരുദ്ധ സംഘങ്ങളെയും വിന്യസിക്കും, കൂടാതെ പതിവായി മോക്ക് ഡ്രില്ലുകളും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts